‘ഷഹീദ്’ എന്ന വാക്കുള്ള പോസ്റ്റുകൾ നീക്കം ചെയ്യണോ..? അവലോകനം ചെയ്യാൻ മെറ്റയുടെ മേൽനോട്ട ബോർഡ്
text_fieldsമെറ്റയുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഏറ്റവും കൂടുതൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെടാൻ കാരണമാകുന്ന പദമാണ് "ഷഹീദ് (shaheed)". ‘രക്തസാക്ഷി’ എന്നാണ് ഷഹീദ് എന്ന അറബി പദത്തിന്റെ അർത്ഥം. മറ്റേതൊരു പദത്തേക്കാളും വാക്യങ്ങളേക്കാളും ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഷഹീദ് എന്ന പദം ഉൾപ്പെടുന്ന പോസ്റ്റുകൾ പെട്ടന്ന് നീക്കം ചെയ്യപ്പെടാറുണ്ട്.
കമ്പനിയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ "ഷഹീദ്" എന്ന അറബി പദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശം തേടുകയാണ് മെറ്റയുടെ മേൽനോട്ട ബോർഡ്. ഈ വാക്ക് തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കമായി ഫ്ലാഗുചെയ്യുന്നത് പതിവാണ്. "അപകടകാരികൾ" ആയി തരംതിരിക്കപ്പെട്ട വ്യക്തികളെ പരാമർശിക്കാൻ 'ഷഹീദ്' എന്ന വാക്ക് ഉപയോഗിക്കുന്ന പോസ്റ്റുകൾ മെറ്റാ നിലവിൽ നീക്കം ചെയ്യുന്നുണ്ട്.
ഷഹീദ് എന്ന അറബി പദവുമായി ബന്ധപ്പെട്ടുള്ള കമ്പനിയുടെ മോഡറേഷൻ സമീപനം അവലോകനം ചെയ്യുമെന്ന് മെറ്റയുടെ മേൽനോട്ട ബോർഡ് വ്യാഴാഴ്ച അറിയിച്ചു. ഷഹീദ് എന്ന വാക്ക് ഉപയോഗിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നത് തുടരണോ അതോ മറ്റൊരു സമീപനം സ്വീകരിക്കണോ എന്നതിനെക്കുറിച്ച് മെറ്റ അതിന്റെ അർദ്ധ-സ്വതന്ത്ര മേൽനോട്ട ബോർഡിനോട് ഉപദേശം തേടിയിട്ടുണ്ട്.
ആ വാക്ക് മോഡറേറ്റ് ചെയ്യുന്നത്, അറബി സംസാരിക്കുന്ന രാജ്യങ്ങളിൽ അതൊരു അടിച്ചേൽപ്പിക്കലായി മാറിയേക്കാമെന്നും ആ പ്രദേശങ്ങളിലെ വാർത്താ റിപ്പോർട്ടിങ്ങിനെയും അത് ബാധിച്ചേക്കാമെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. അതുപോലെ അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് പൊതുജനാഭിപ്രായങ്ങൾ തേടുകയും ചെയ്തു.
ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും തീരുമാനങ്ങൾ അവലോകനം ചെയ്യുന്നതിനും അതുപോലെ സോഷ്യൽ മീഡിയ ഭീമന്റെ നടപടികളുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും വേണ്ടിയാണ് 2020 അവസാനം മേൽനോട്ട ബോർഡ് രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.