മലയാളത്തിലെ ‘ത്ര’, തമിഴിലെ ‘കു’; ത്രെഡ്സ് ആപ്പ് ലോഗോയെ ചൊല്ലി പോരടിച്ച് നെറ്റിസൺസ്
text_fields‘ട്വിറ്റർ-കില്ലർ’ ആപ്പ് എന്ന് വിളിക്കപ്പെടുന്ന മെറ്റയുടെ ‘ത്രെഡ്സ്’ ഇന്റർനെറ്റ് ലോകത്തേക്ക് അവതരിച്ചുകഴിഞ്ഞു. ട്വിറ്ററിന്റെ ഈച്ച കോപ്പിയെന്നുള്ള പരിഹാസങ്ങളെ അതിജീവിച്ച് മണിക്കൂറുകൾ കൊണ്ട് കോടിക്കണക്കിന് യൂസർമാരാണ് ത്രെഡ്സ് ആപ്പിൽ ഇരച്ചുകയറിയിരിക്കുന്നത്. 500 അക്ഷരങ്ങളുടെ ടെക്സ്റ്റ് പോസ്റ്റുകളും ചിത്രങ്ങളും വിഡിയോകളും ലിങ്കുകളുമൊക്കെ പങ്കിടാൻ കഴിയുന്ന ത്രെഡ്സിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ആളുകൾക്ക് നേരിട്ട് ലോഗിൻ ചെയ്യാം.
എന്നാൽ, ത്രെഡ്സുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് ഇപ്പോൾ ചെറിയൊരു വെർച്വൽ പോര് അരങ്ങേറുന്നുണ്ട്. അത് ആപ്പിന്റെ ലോഗോയുമായി ബന്ധപ്പെട്ടുള്ളതാണ്. മലയാളം യുണീകോഡ് ലിപിയിലെ 'ത്ര'യോടും 'ക്ര'യോടും ലോഗോയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തമിഴ് നാട്ടുകാരും ലോഗോയുടെ 'അവകാശവാദം' ഉന്നയിക്കുന്നുണ്ട്. തമിഴിലെ ‘കു’ പോലെയുണ്ട് ലോഗോ എന്നാണ് അവർ പറയുന്നത്.
ഒറ്റനോട്ടത്തിൽ, ത്രെഡ്‌സ് ആപ്പ് ഐക്കൺ ഒരു '@' ചിഹ്നം പോലെയാണ് തോന്നുക. ഇൻസ്റ്റഗ്രാമിന്റെ ലോഗോയുടെ മറ്റൊരു പതിപ്പായും ഇംഗ്ലീഷ് അക്ഷരമായ ‘G’ ആയുമൊക്കെ തോന്നാം. ലോഗോയെ കുറിച്ച് മാർക്ക് സക്കർബർഗിൽ നിന്നോ മെറ്റയിൽ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെങ്കിലും, അതിന്റെ ഡിസൈൻ നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നുണ്ട്. ലോഗോയ്ക്ക് ജിലേബിയുടെ ഛായയുണ്ടെന്ന് പറഞ്ഞ് അതുമായി ബന്ധപ്പെട്ട കഥയുണ്ടാക്കിയവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.