വാട്സാപ്പിൽ ഇസ്രായേലി കമ്പനിയുടെ ചാരപ്പണി; ഹാക്കിങ് ശ്രമം കണ്ടെത്തിയതായി മെറ്റ
text_fieldsകലിഫോർണിയ: മാധ്യമപ്രവർത്തകർ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ 100ഓളം പേരുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ഇസ്രായേലി സ്പൈവെയർ കമ്പനിയായ പാരഗൺ സൊലൂഷൻസ് ശ്രമം നടത്തിയതായി വെളിപ്പെടുത്തൽ. വാട്സാപ്പിന്‍റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹാക്കിങ് ശ്രമം കണ്ടെത്തിയതിനെ തുടർന്ന് പാരഗൺ സൊലൂഷൻസിന് വാട്സാപ്പ് കത്ത് നൽകിയതായും മെറ്റ അധികൃതർ പറഞ്ഞു.
ആളുകളുടെ ആശയവിനിമയത്തിന്‍റെ സ്വകാര്യതയെ സംരക്ഷിക്കാനുള്ള നടപടികൾ തുടരുമെന്ന് വാട്സാപ്പ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ പാരഗൺ സൊലൂഷൻസ് തയാറായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള, ആരുടെയൊക്കെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതെന്ന് വാട്സാപ്പ് വെളിപ്പെടുത്തിയില്ല. പൊതുസമൂഹത്തിലെയും മാധ്യമമേഖലയിലെയും ആളുകളുടെ വാട്സാപ്പിലാണ് ഹാക്കിങ് ശ്രമം നടന്നത്. ഈ ശ്രമം പരാജയപ്പെടുത്തിയതായും, ഇതിന്‍റെ വിശദാംശങ്ങൾ ചാരപ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്ന കാനഡ കേന്ദ്രീകരിച്ചുള്ള കൂട്ടായ്മയായ സിറ്റിസൺ ലാബിന് കൈമാറിയതായും വാട്സാപ്പ് അധികൃതർ അറിയിച്ചു.
നേരത്തെ, ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എസ്.ഒ കമ്പനിയുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ് ആഗോളവ്യാപകമായി പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിൽ പെഗാസസ് സാന്നിധ്യം കണ്ടെത്തിയത് വൻ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.