ഇന്ത്യക്കായി 'ഇൻ' മൊബൈൽസുമായി മൈക്രോമാക്സ് ; ഇത് ചൈനക്കുള്ള പണിയെന്ന് രാഹുൽ ശർമ
text_fieldsസ്മാർട്ട്ഫോൺ ബിസിനസിലേക്കുള്ള തങ്ങളുടെ തിരിച്ചുവരവ് മൈക്രോമാക്സ് രണ്ടുതവണയാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടലെടുത്ത ചൈന വിരുദ്ധവികാരം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു മൈക്രോമാക്സ് സമൂഹ മാധ്യമങ്ങളിലൂടെ മോദിയുടെ ആത്മനിർഭർ ഭാരതും ഏറ്റുപിടിച്ച് വമ്പൻ തിരിച്ചുവരവിെൻറ സൂചന നൽകിയത്. എന്നാൽ അത് വെറും പ്രഖ്യാപനമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ്. ഇന്ന് ട്വിറ്ററിൽ അവർ 'In' സീരീസിലുള്ള പുതിയ സ്മാർട്ട്ഫോണുകളുമായി എത്തുകയാണെന്ന് അറിയിച്ചു. കമ്പനിയുടെ സഹ സ്ഥാപകൻ രാഹുൽ ശർമ ട്വിറ്ററിൽ ഇന്ന് ഒരു വിഡിയോയുമായി എത്തിയിട്ടുണ്ട്.
'എെൻറ പേര് രാഹുൽ ശർമ. ഒരു ഇടത്തരം കുടുംബത്തിലായിരുന്നു എെൻറ ജനനം. അച്ഛൻ സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു. ആ സമയത്ത് ജീവിതത്തിൽ എന്തെങ്കിലും വലുതായി ചെയ്യണം എന്നുണ്ടായിരുന്നു. അന്ന് പിതാവിനോട് മൂന്ന് ലക്ഷം രൂപ കടം വാങ്ങി മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് മൈക്രോമാക്സ് എന്ന കമ്പനിയാരംഭിച്ചത്. നിങ്ങളുടെ പിന്തുണയോടെ രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡും ലോകത്തെ തന്നെ ഏറ്റവും വലിയ പത്ത് ബ്രാൻഡുകളിൽ ഒന്നായും മാറി. എന്നാൽ, ചൈനീസ് ബ്രാൻഡുകളുടെ കടന്നുവരവോടെ കമ്പനി വലിയ തകർച്ചയിലേക്ക് നീങ്ങി. തോൽക്കുകയായിരുന്നില്ല. ജീവിതത്തിൽ ഞാൻ ചെയ്യാനുദ്ദേശിച്ച കാര്യം ചെയ്തു എന്ന വിശ്വാസമുണ്ടായിരുന്നുവെന്നും രാഹുൽ ശർമ പറഞ്ഞു.
ശേഷം ചൈന-ഇന്ത്യ അതിർത്തി പ്രശ്നങ്ങളെ കുറിച്ച് പരാമർശിച്ച രാഹുൽ ശർമ ഇന്ത്യക്കാർ മൈക്രോമാക്സിെൻറ തിരിച്ചുവരവിന് വേണ്ടി അപേക്ഷിച്ചതോടെയാണ് അതിന് വേണ്ടി ആലോചിച്ചതെന്നും ഇനി എന്ത് ചെയ്താലും അത് ഇന്ത്യക്ക് വേണ്ടി മാത്രമായിരിക്കുമെന്നും പറഞ്ഞു. ഇന്ത്യയുടെ സ്വന്തമായിരുന്ന ഒരു സ്മാർട്ട്ഫോൺ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാൻ ആത്മനിർഭർ ഭാരത് ക്യാംപെയിൻ പ്രോത്സാഹിപ്പിച്ചതിനെ കുറിച്ചും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. കൂടെ മൈക്രോമാക്സിെൻറ പുതിയ സ്മാർട്ട്ഫോൺ സീരീസിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. 'ഇൻ' എന്ന് മാത്രം എഴുതിയ ഫോണിെൻറ റീെട്ടയിൽ ബോക്സ് രാഹുൽ ശർമ പ്രേക്ഷകർക്കായി കാണിക്കുന്നുമുണ്ട്.
യൂട്യൂബർ ടെക്നിക്കൽ ഗുരുജിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ രാഹുൽ ശർമ പുതിയ ഫോൺ ഗെയിമിങ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നതെന്നും സൂചന നൽകുന്നുണ്ട്. മികച്ച പെർഫോമൻസ് നൽകുന്ന ചിപ്സെറ്റുമായിട്ടായിരിക്കും 'ഇൻ' സീരീസ് ഫോണുകൾ എത്തുക. സ്റ്റോക് ആൻഡ്രോയ്ഡിന് തുല്യമായ യൂസർ ഇൻറർഫേസായിരിക്കുമെന്നും പരസ്യങ്ങളോ, പ്രീ-ഇൻസ്റ്റാൾഡ് ബ്ലോട്ട്വെയറുകളോ ഉൾപ്പെടുത്തില്ലെന്നും രാഹുൽ ശർമ വാക്കുനൽകുന്നു.
നിലവിൽ 7000 രൂപ മുതൽ 15000 രൂപ വരെയുള്ള ഫോണുകളിലാണ് മൈക്രോമാക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'ഇൻ' സീരീസിലുള്ള പുതിയ ഫോണുകൾ നവംബറിൽ ലോഞ്ച് ചെയ്യാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. Micromax In 1A എന്ന പേരിലായിരിക്കും ആദ്യ ഫോൺ എത്തുക. മീഡിയ ടെകിെൻറ ചിപ്സെറ്റായിരിക്കും കരുത്ത് പകരുക.
We're #INForIndia with #INMobiles! What about you? #IndiaKeLiye #BigAnnouncement #MicromaxIsBack #AatmanirbharBharat pic.twitter.com/eridOF5MdQ
— Micromax India (@Micromax__India) October 16, 2020
2014ൽ ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിൽ തരംഗം സൃഷ്ടിച്ച കമ്പനിയായിരുന്നു മൈക്രോമാക്സ്. രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകളുടെ അതിപ്രസരമില്ലാതിരുന്ന ആ കാലത്ത് കമ്പനിക്ക് എന്തും സാധ്യമായിരുന്നു. എന്നാൽ, ഇന്ന് ബജറ്റ് ഫോണുകളുടെ നീണ്ട ലിസ്റ്റുമായി മത്സരരംഗത്തുള്ളത് സാംസങ്ങ് മാത്രമല്ല. ഷവോമി റിയൽമി ഒപ്പോ, വിവോ ഇൻഫിനിക്സ്, നോക്കിയ, മോട്ടറോള അങ്ങനെ പോകുന്നു. ചൈന വിരുദ്ധ വികാരം മാത്രം മുതലെടുത്ത് മൈക്രോമാക്സിന് രാജ്യത്ത് പഴയ തരംഗം സൃഷ്ടിക്കാൻ സാധിക്കില്ല എന്നിരിക്കെ, മികച്ച ഫോണുകളുമായി എത്തി സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കലാവും കമ്പനിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.