വിൻഡോസ് 10-ന് അപ്ഡേറ്റ് ലഭിക്കാൻ മൈക്രോസോഫ്റ്റിന് പണം നൽകേണ്ടി വരും
text_fieldsവിൻഡോസ് 10 പതിപ്പിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പും പി.സികളും ഉപയോഗിക്കുന്നവർക്ക് ദുഃഖവാർത്തയുമായി എത്തിയിരിക്കുകയാണ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. വിൻഡോസ് 10 വിരമിക്കാൻ പോവുകയാണ്. 2025 ഒക്ടോബറിൽ ജീവിതാവസാന (EOL - end-of-life) ഘട്ടത്തിൽ വിൻഡോസിന്റെ പത്താം പതിപ്പ് എത്തും. എന്നാൽ, ഇനിയും അതിൽ തുടരാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് നിർണായകമായ അപ്‌ഡേറ്റുകൾ ഇല്ലാതെയാണെങ്കിലും, അപ്‌ഡേറ്റ് ചെയ്യാത്ത ഒരു പകർപ്പ് ഉപയോഗിക്കാനാകും.
അതെ, പഴയ വേർഷനിൽ തുടരേണ്ടവർക്കായി വിൻഡോസ് 10-നുള്ള വിപുലീകൃത സുരക്ഷാ അപ്‌ഡേറ്റുകളുമായി മൈക്രോസോഫ്റ്റ് വരികയാണ്. വാണിജ്യ ഉപഭോക്താക്കൾ, സംരംഭങ്ങൾ, വ്യക്തിഗത ഉപഭോക്താക്കൾ എന്നിവർ വിൻഡോസ് 10-ൽ തുടരാൻ മൈക്രോസോഫ്റ്റിന്റെ പുതിയ ഇ.എസ്.യു (ESU -Extended Security Updates) പ്രോഗ്രാമിൽ എൻറോൻ ചെയ്യേണ്ടതായുണ്ട്. എന്നാൽ, പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്‌ക്കേണ്ടി വരും.
ഇ.എസ്.യു പ്രോഗ്രാമിൽ സബ്സ്ക്രിപ്ഷൻ എടുത്ത ആർക്കും പ്രധാനപ്പെട്ടതും നിർണായകവുമായ എല്ലാ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഒരിക്കൽ എൻറോൾ ചെയ്ത ഉപയോക്താക്കൾക്ക് അടുത്ത മൂന്ന് വർഷത്തേക്ക് തുടരാം. വിൻഡോസ് 7ന് പിന്തുണ നിർത്തലാക്കിയ സമയത്തും മൈക്രോസോഫ്റ്റ് ഇത്തരത്തിൽ ഇ.എസ്.യു പ്രോഗ്രാമുമായി എത്തിയിരുന്നു.
ഇ.എസ്.യു പ്രാപ്തമാക്കിയ വിൻഡോസ് 10 പരിതസ്ഥിതിയിൽ, ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളൊന്നും കൂടാതെ (കോപൈലറ്റ് ഒഴികെ) വിശ്വസനീയമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം തുടർന്നും ഉപയോഗിക്കാവുന്നതാണ്. പ്രോഗ്രാം സുരക്ഷാ അപ്‌ഡേറ്റുകൾ മാത്രമേ നൽകുകയുള്ളൂ. 2025 ഒക്ടോബറിൽ വിൻഡോസ് 10-ന്റെ EOL ഘട്ടത്തിന് ശേഷം ഒരു പുതിയ ഫീച്ചറും ലഭ്യമാകില്ല.
നിലവിൽ ഇ.എസ്.യു പ്രോഗ്രാമിന് ഈടാക്കുന്ന ചാർജിനെ കുറിച്ച് മൈക്രോസോഫ്റ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതൊരു വാർഷക ചാർജായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.