മൈക്രോസോഫ്റ്റിനും രക്ഷയില്ല; ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു
text_fieldsആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലികൾ വെട്ടിക്കുറയ്ക്കുകയോ നിയമനം മന്ദഗതിയിലാക്കുകയോ ചെയ്യുന്ന ഏറ്റവും പുതിയ യുഎസ് ടെക് കമ്പനിയായി മാറിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ (MSFT.O). അമേരിക്കൻ ടെക് ഭീമൻ വിവിധ ഡിവിഷനുകളിലായി ഈ ആഴ്ച ആയിരത്തിൽപരം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
''എല്ലാ കമ്പനികളെയും പോലെ, നമ്മളും ബിസിനസ്സ് മുൻഗണനകൾ പതിവായി വിലയിരുത്തി അതിനനുസരിച്ച് ഘടനാപരമായ ക്രമീകരണങ്ങൾ വരുത്താറുണ്ടെന്ന്'' പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. നാം ബിസിനസിൽ നിക്ഷേപം തുടരുകയും വരും വർഷങ്ങളിൽ പ്രധാന വളർച്ചാ മേഖലകളിൽ നിയമനം നടത്തുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു.
അതേസമയം, പുതിയ പിരിച്ചുവിടൽ ബാധിച്ചത് മൈക്രോസോഫ്റ്റിന്റെ മൊത്തം തൊഴിലാളികളിൽ ഒരു ശതമാനത്തിൽ താഴെ ആളുകളെ മാത്രമാണ്. ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ബിൽ ഗേറ്റ്സിന്റെ കമ്പനിയിൽ ആകെ 2,21,000 ജീവനക്കാരാണുള്ളത്.
മെറ്റ, ട്വിറ്റർ, സ്നാപ്ചാറ്റ് എന്നിവയുൾപ്പെടെ നിരവധി ടെക്‌നോളജി കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാരെ പിരിച്ചുവിടുകയും നിയമനം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. ഉയർന്ന പലിശനിരക്ക്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, യൂറോപ്പിലെ ഊർജ്ജ പ്രതിസന്ധി എന്നിവ കാരണം ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്നാണ് കമ്പനികൾ സമ്മർദ്ദത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.