വിൻഡോസ് 7/8 ഉപയോഗിക്കുന്നവരാണോ...? മുട്ടൻ പണിയുമായി മൈക്രോസോഫ്റ്റ്
text_fieldsവിൻഡോസ് 7, വിൻഡോസ് 8 പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർക്ക് ദുഃഖവാർത്ത. ഇനി നിങ്ങൾക്ക് സൗജന്യമായി വിൻഡോസ് 10 / 11-ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയില്ല. പഴയ വിൻഡോസ് ഉപയോക്താക്കൾക്കായി സൗജന്യ വിൻഡോസ് 11 അപ്‌ഗ്രേഡിനുള്ള ഇൻസ്റ്റാളേഷൻ പാത്ത് നീക്കം ചെയ്തതായി മൈക്രോസോഫ്റ്റ് അതിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് അറിയിച്ചത്.
പഴയ വിൻഡോസ് ഉപയോക്താക്കൾക്കുള്ള സൗജന്യ വിൻഡോസ് അപ്‌ഗ്രേഡ് ഓപ്‌ഷൻ 2016 ജൂലൈയിൽ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. എന്നാൽ, വിൻഡോസ് 7, 8 ഉപയോക്താക്കൾക്ക് ഈയടുത്ത് വരെ ഒരു പഴുതുപയോഗിച്ച് സൗജന്യ അപ്‌ഗ്രേഡ് നേടാൻ കഴിഞ്ഞിരുന്നു. പഴയ വിൻഡോസ് 7/8 കീകൾ ഉപയോഗിച്ച് വിൻഡോസ് 11 അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ മൈക്രോസോഫ്റ്റ് അനുവദിച്ചിട്ടും, അപ്ഗ്രേഡ് ചെയ്യാത്ത പഴയ യൂസർമാർക്ക് ഇനി പണം മുടക്കേണ്ടതായി വന്നേക്കും.
അതായത്, ഉപയോക്താക്കൾക്ക് ഇനി പഴയ കീകൾ ഉപയോഗിച്ച് സൗജന്യ വിൻഡോസ് 10 അല്ലെങ്കിൽ വിൻഡോസ് 11 അപ്‌ഗ്രേഡ് നേടാനാകില്ല. വിൻഡോസ് 10 ഉപയോഗിക്കുന്നവർക്ക് മാത്രമാണ് സൗജന്യമായ അപ്ഗ്രേഡിന് യോഗ്യതയുണ്ടാവുക.
അതേസമയം, വിൻഡോസ് 11-ൽ നിന്ന് ചില വിൻഡോസ് 10 ഫീച്ചറുകൾ നീക്കം ചെയ്തതായി മൈക്രോസോഫ്റ്റ് അവരുടെ പോസ്റ്റിൽ കുറിക്കുന്നു. കൂടാതെ, സൗജന്യ വിൻഡോസ് 11 അപ്ഡേറ്റ് ലഭിക്കുന്നതിന് ഏറ്റവും പുതിയ അപ്‌ഡേറ്റിന്റെ ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ നിറവേറ്റുന്ന ഒരു കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കണമെന്നും കമ്പനി അറിയിച്ചു.
പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുള്ള സപ്പോർട്ട് മൈക്രോസോഫ്റ്റ് നിർത്തലാക്കിയതിനാലാണ് വിൻഡോസ് 7, 8 ഉൽപ്പന്ന കീകൾക്ക് ഇനിമുതൽ അപ്ഗ്രേഡ് നൽകാൻ കഴിയാത്തതിനുള്ള പ്രധാന കാരണം. അത്തരം സിസ്റ്റങ്ങൾക്ക് സുരക്ഷാ അപ്‌ഡേറ്റുകളോ സാങ്കേതിക പിന്തുണയോ നിലവിൽ നൽകുന്നില്ല.
ഇനി ഏറ്റവും പുതിയ വിൻഡോസ് പതിപ്പിലേക്ക് മാറാൻ ആഗ്രഹിക്കുന്ന പഴയ യൂസർമാർ, പണം മുടക്കി അതിനുള്ള ഉൽപ്പന്ന കീ വാങ്ങേണ്ടിവരും. ഇനി വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, വിൻഡോസ് 7-ൽ തന്നെ തുടരാം, പക്ഷെ സുരക്ഷാ അപ്ഡേറ്റുകളും മറ്റുമൊന്നും ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.