ആൾട്ട്മാൻ ഓപൺഎ.ഐ സി.ഇ.ഒ ആയി ചുമതലയേറ്റു; ബോർഡംഗമായി മൈക്രോസോഫ്റ്റ്
text_fieldsഅങ്ങനെ സാം ആൾട്ട്മാൻ ഓപൺഎ.ഐയുടെ സി.ഇ.ഒ പദവിയിലേക്ക് തിരിച്ചെത്തി. പിന്നാലെ, 49 ശതമാനം ഓഹരിയുമായി ഓപണ്‍എ.ഐയിലെ ഏറ്റവും വലിയ നിക്ഷേപകരായ മൈക്രോസോഫ്റ്റ് വോട്ടവകാശമില്ലാത്ത ബോർഡംഗമായും സ്ഥാനം പിടിച്ചു. ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയില്‍ നിന്ന് രാജിവെച്ച ഗ്രെഗ് ബ്രോക്ക്മാനും തിരിച്ചെത്തിയിട്ടുണ്ട്.
ഗവേഷണ പദ്ധതികളുമായി ഓപണ്‍എ.ഐ മുന്നോട്ട് പോവുമെന്നും അതിന്റെ സുരക്ഷയ്ക്ക് വേണ്ടി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കമ്പനി ജീവനക്കാര്‍ക്കയച്ച കുറിപ്പില്‍ സാം ആൾട്ട്മാൻ പറഞ്ഞു. അതേസമയം, തന്നെ പുറത്താക്കാൻ വേണ്ടി പ്രവർത്തിച്ച ഇല്യ സുറ്റ്സ്കേവറിനോട് വിരോധമൊന്നമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇടക്കാല സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മിറ മുറാട്ടി നേതൃനിരയില്‍ തിരികെയെത്തി. യോഗ്യതയുള്ള മികച്ച വ്യക്തികളടങ്ങുന്ന ബോര്‍ഡിന് രൂപം നല്‍കുമെന്നും അതില്‍ മൈക്രോസോഫ്റ്റിന്റെ വോട്ടവകാശമില്ലാത്ത നിരീക്ഷക അംഗവുമുണ്ടാവുമെന്നും പുതിയ ബോര്‍ഡ് ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആൾട്ട്മാനെ പുറത്താക്കിയ ഡയറക്ടർ ബോർഡിനെതിരെ നിക്ഷേപകരും 750ഓളം വരുന്ന ജീവനക്കാരും ഒന്നിച്ച് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചുവിളിക്കാൻ തീരുമാനം. ആശയവിനിമയം വ്യക്തമല്ലെന്നും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞായിരുന്നു സാം ആൾട്ട്മാനെ ഓപൺ എ.ഐ സി.ഇ.ഒ പദവിയിൽനിന്ന് ബോർഡ് അംഗങ്ങൾ പുറത്താക്കിയത്. എന്നാൽ, ആൾട്ട്മാനെ തിരിച്ചുവിളിക്കുകയും പുറത്താക്കിയ ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജിവെക്കുമെന്ന് ഓപൺ എ.ഐ ജീവനക്കാർ ഭീഷണിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.