ഇന്റർനെറ്റ് എക്സ്‍പ്ലോറർ സേവനം നിർത്തി; എല്ലാവരെയും 'എഡ്ജി'ലേക്ക് ക്ഷണിച്ച് മൈക്രോസോഫ്റ്റ്
text_fieldsപ്രമുഖ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്‍പ്ലോറർ ഇന്ന് മുതൽ സേവനം നിർത്തി. 27-ാം വയസിലാണ് മൈക്രോസോഫ്റ്റിന്റെ ലോക പ്രശസ്ത വെബ് ബ്രൗസർ അകാല ചരമം പ്രാപിക്കുന്നത്. ബ്ലാക്ബെറി ഫോണുകളും വിൻഡോസിന്റെ മൊബൈൽ പതിപ്പുമൊക്കെ പോലെ ടെക് ലോകത്ത് വെറുമൊരു ഓർമയായി മാറുകയാണ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ.
വിൻഡോസ് 10 പതിപ്പുകളിൽ 2022 ജൂൺ 15 മുതൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ പ്രവർത്തനരഹിതമാകുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ വർഷം മേയിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉപയോക്താക്കളോട് പുതിയ വെബ് ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറാനും അന്നവർ നിർദേശിച്ചു. പറഞ്ഞത് പോലെ ഇന്നുതൊട്ട് ഡെസ്‌ക്ടോപ്പുകളിൽ എക്‌സ്‌പ്ലോറർ പ്രവർത്തനരഹിതമാവുകയും ചെയ്തു.
1995ലായിരുന്നു ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ ജനനം. 2003 ആയതോടെ ബ്രൗസർ ഉപയോക്താക്കൾ 95 ശതമാനമായി ഉയർന്നു. എന്നാൽ, മത്സരരംഗത്തേക്ക് ഗൂഗിൾ ക്രോം അടക്കമുള്ളവർ എത്തിയതോടെ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങുകയായിരുന്നു.
ഇപ്പോൾ ക്രോമിയം അടിസ്ഥാനമാക്കി എഡ്ജ് ബ്രൗസർ അവതരിപ്പിച്ചതോടെ പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള പുറപ്പാടിലാണ് മൈക്രോസോഫ്റ്റ്. സുരക്ഷാ വീഴ്ച കാരണം ക്രോം നിരന്തരം വിവാദത്തിൽ പെടുന്ന സാഹചര്യം മുതലെടുത്ത് തങ്ങളുടെ എഡ്ജ് ബ്രൗസറിനെ മാർക്കറ്റ് ചെയ്യുകയാണ് ബിൽ ഗേറ്റ്സിന്റെ കമ്പനി. വിൻഡോസ് പി.സികളിൽ നിലവിൽ ഏറ്റവും മികച്ച അനുഭവം തരുന്ന ബ്രൗസറായി എഡ്ജ് പേരെടുത്തിട്ടുണ്ട്.
നിലവിൽ ഗൂഗിളിന്റെ ക്രോം ആണ് ഇന്റർനെറ്റ് ബ്രൗസറുകളിലെ രാജാവ്. 65 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇപ്പോൾ ക്രോമിനെ വിശ്വസിക്കുന്നത്. ആപ്പിളിന്റെ സഫാരിയാണ് ക്രോമിനു പിന്നിലുള്ളത്. 19 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കളാണ് സഫാരി ഉപയോഗിക്കുന്നതെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.