‘നല്ല എത്തിക്സുള്ള ചാറ്റ്ബോട്ട്’; ജോലി അപേക്ഷാ കത്തെഴുതാൻ പറഞ്ഞപ്പോൾ മൈക്രോസോഫ്റ്റിന്റെ എ.ഐ ചെയ്തത്....!
text_fieldsമൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസമാണ് അവരുടെ സെർച്ച് എൻജിനായ ബിങ്ങിന്റെയും (bing) വെബ് ബ്രൗസറായ എഡ്ജിന്റെയും പുതിയ പതിപ്പുകൾ അവതരിപ്പിച്ചത്. എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ ലഭ്യമാവുന്ന സേവനങ്ങൾ കൂട്ടിച്ചേർത്തുള്ള അനുഭവമാണ് അവ വാഗ്ദാനം ചെയ്യുന്നത്. ഗൂഗിളുമായി കാലങ്ങളായി മത്സരിക്കുന്ന സെർച്ച് എൻജിനാണ് ബിങ്. പുതിയ മാറ്റം അവർക്ക് വിപണിയിൽ വലിയ മുൻതൂക്കം നൽകുകയും ചെയ്തു.
ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ നമ്മളോട് സംവദിക്കാൻ കഴിയുന്ന എ.ഐ ചാറ്റ്‌ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിടി. മനുഷ്യഭാഷ പെട്ടെന്ന് മനസ്സിലാക്കി ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി തരും എന്നതാണ് അതിന്റെ പ്രത്യേകത. ഗൂഗിളുമായി ചാറ്റ്ജിപിടിയെ വ്യത്യസ്തമാക്കുന്നതും ഇക്കാര്യമാണ്.
ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐയുമായുള്ള മൈക്രോസോഫ്റ്റിന്റെ സഹകരണത്തിന്റെ ഭാഗമായാണ് എഐ സാങ്കേതികവിദ്യ എഡ്ജിലും ബിങ്ങിലും എത്തിയത്. എന്നാൽ, ബിങ് സെർച്ചിലെ എ.ഐ സംവിധാനത്തിന് ചാറ്റ്ജിപിടിയെ അപേക്ഷിച്ച് കുറച്ച് ‘എത്തിക്സ്’ ഉണ്ടെന്നാണ് ഇപ്പോൾ ടെക് ലോകം പറയുന്നത്. അതിനൊരു കാരണവുമുണ്ട്.
ഒരു യുവതി ബിങ് സെർച്ചിലെ എ.ഐ ചാറ്റ്ബോട്ടിനെ പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അവരുടെ കമ്പനിയിലെ ഒരു ഉയർന്ന സ്ഥാനത്തിന് വേണ്ടിയുള്ള അപേക്ഷ ലെറ്റർ തയ്യാറാക്കാനാണ് ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടത്. എന്നാൽ, തനിക്ക് അതിന് കഴിയില്ലെന്ന് ചാറ്റ്ബോട്ട് പ്രതികരിച്ചു. "ക്ഷമിക്കണം, എനിക്ക് നിങ്ങൾക്കായി ഒരു കവർ ലെറ്റർ എഴുതാൻ കഴിയില്ല," -ബിങ് അവരോട് പറഞ്ഞതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.
കവർ ലെറ്റർ എഴുതിത്തരുന്നത് ‘അധാർമികമാണെ’ന്നും അത് മറ്റ് അപേക്ഷകരോട് കാട്ടുന്ന അനീതിയാകുമെന്നുമാണ് ചാറ്റ്ബോട്ട് പറയുന്നത്. എങ്കിലും കവർ ലെറ്റർ എഴുതുന്നതിന് സഹായിക്കുന്ന കുറച്ച് ടിപ്പ്സും ലിങ്കുകളുമൊക്കെ നൽകി അവരെ സഹായിക്കുകയും ചെയ്തു.
അതേസമയം, മറുവശത്ത് ചാറ്റ്ജിപിടി ചോദിക്കുന്നവർക്ക് കവർ ലെറ്ററുകളും ജോലി ആപ്ലിക്കേഷനുകളുമൊക്കെ തയ്യാറാക്കി നൽകുന്നുണ്ട്. 270 വാക്കുകളുള്ള ലെറ്ററാണ് യുവതിക്ക് വേണ്ടി ഓപൺ എ.ഐയുടെ ചാറ്റ്ബോട്ട് തയ്യാറാക്കി കൊടുത്തത്. ഉപന്യാസവും കഥയും കവിതകളുമൊക്കെ എഴുതാനും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.