സർക്കാർ പരീക്ഷയിൽ തട്ടിപ്പ് തടയാൻ അസമിൽ മൊബൈൽ ഇന്റർനെറ്റിന് വിലക്ക്
text_fieldsഗുവാഹതി: അസം സർക്കാർ സർവിസിലേക്ക് ഞായറാഴ്ച നടത്തിയ എഴുത്തുപരീക്ഷയിൽ തട്ടിപ്പ് തടയാൻ 25 ജില്ലകളിൽ നാലു മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിവിധ വകുപ്പുകളിലേക്ക് ഗ്രേഡ് നാല് തസ്തികയിലേക്കായിരുന്നു പരീക്ഷ. ഉദ്യോഗാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതും വിലക്കിയിരുന്നു. പരീക്ഷ സെന്ററുകൾക്ക് ചുറ്റും നിരോധനാജ്ഞയും ഏർപ്പെടുത്തി.
ആഗസ്റ്റ് 21, 28, സെപ്റ്റംബർ 11 തീയതികളിലാണ് 30,000 ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ. ഞായറാഴ്ച രണ്ടു ഘട്ടമായിട്ടായിരുന്നു പരീക്ഷ. സർക്കാർ നിർദേശപ്രകാരം 25 ജില്ലകളിൽ നാലു മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയതായി ടെലികോം സേവനദാതാക്കളായ എയർടെല്ലും ജിയോയും അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെയും ഉച്ച രണ്ടു മുതൽ നാലു വരെയും മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുമെന്ന് സേവനദാതാക്കൾ ഉപയോക്താക്കളെ അറിയിച്ചിരുന്നു.
പരീക്ഷയിൽ തട്ടിപ്പ് നടത്തുന്നത് തടയാൻ ഇന്റർനെറ്റ് സേവനം റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.