ഡേറ്റ വാങ്ങാൻ നിർബന്ധിക്കരുത്; വോയ്‌സ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ നൽകണമെന്ന് ട്രായ്
text_fieldsന്യൂഡൽഹി: ടെലകോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ നിർബന്ധിക്കാതെ വോയ്‌സ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിർദേശം. ടെലകോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ട്രായ് ഇത് സംബന്ധിച്ച മാറ്റങ്ങൾ മുന്നോട്ടുവെച്ചത്. വിവിധ കാരണങ്ങളാൽ ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ റീചാർജ് ഓപ്ഷനുകൾ നൽകാനാണ് ഈ നീക്കം.
ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾ 2ജി ഉപയോക്താക്കളും, ഡ്യുവൽ സിം ഉടമകളും, പ്രായമായ വ്യക്തികളും, ഗ്രാമീണരുമാണെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമില്ലാത്ത ഡേറ്റക്ക് പണം നൽകുന്നതിന് പകരം അവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രം പണം നൽകാൻ ഈ നീക്കം ഉപയോക്താക്കളെ സഹായിക്കും. കൂടാതെ പ്രത്യേക റീചാർജ് കൂപ്പണുകളുടെ സാധുത നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് നീട്ടാൻ പുതിയ നിയമങ്ങൾ ടെലകോം ഓപ്പറേറ്റർമാരെ നിർബന്ധിതരാക്കുന്നുണ്ട്.
പുതിയ നിയമം നിലവിൽ വരുന്നതോടെ 150 ദശലക്ഷം ഉപയോക്താക്കൾക്ക് ഡേറ്റ റീചാർജുകൾ ആവശ്യമായി വരില്ലെന്നാണ് കണക്കാക്കുന്നത്. ടെലകോം ഓപ്പറേറ്റർമാരുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 150 ദശലക്ഷം ഉപയോക്താക്കൾ ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഈ കണക്കുകൾ ഡേറ്റ ഇതര റീചാർജ് ഓപ്ഷനുകളുടെ ആവശ്യകത ഉയർത്തിക്കാണിക്കുന്നതായി ട്രായ് വിലയിരുത്തുന്നു.
ടെലകോം ഓപ്പറേറ്റർമാരെ ഏത് തുകക്കും റീചാർജ് വൗച്ചറുകൾ നൽകാൻ പുതിയ നിയമമാറ്റം അനുവദിക്കുന്നു, അതേസമയം കുറഞ്ഞത് 10 രൂപയുടെ റീചാർജ് ഓപ്ഷൻ നിർബന്ധമായും വേണമെന്ന് നിയമം അനുശാസിക്കുന്നു. ഇതുവരെ റീചാർജ് തുകകൾ 10 രൂപയും അതിന്റെ ഗുണിതങ്ങളും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ഉപയോക്താക്കൾക്ക് അനുകൂലമായ ട്രായ്‌യുടെ നീക്കം വൻകിട ടെലകോം കമ്പനികളുടെ കച്ചവട താൽപര്യങ്ങളെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലകോം ഭീമൻമാർ ഉപയോക്താക്കളെ 2ജിയിൽ നിന്ന് 4ജി അല്ലെങ്കിൽ 5ജിയിലേക്ക് മാറ്റുന്നതിനായാണ് നിലവിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ പുതിയ പ്ലാനുകൾ വരുന്നത് ഡേറ്റ ഉപയോഗിക്കാത്തവരെ സംബന്ധിച്ച് വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.