268 ദശലക്ഷം സബ്സ്ക്രൈബർമാർ; ഇന്ത്യൻ ചാനലിനെ തറപറ്റിച്ച് യൂട്യൂബ് രാജാവായി ‘മിസ്റ്റർ ബീസ്റ്റ്’
text_fieldsലോകത്ത് ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലായിരുന്നു ഇന്ത്യൻ മ്യൂസിക് കമ്പനിയായ ടി-സീരീസ്. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമാ-ആൽബം ഗാനങ്ങളാണ് ടി-സീരീസിന്റെ പ്രധാനപ്പെട്ട ഉള്ളടക്കം. 266 ദശലക്ഷം (26.6 കോടി) പേരാണ് ടി-സീരീസിനെ സബ്‌സ്‌ക്രൈബുചെയ്‌തിരിക്കുന്നത്. എന്നാലിപ്പോൾ, ടി-സീരീസിനെ മറികടന്ന് യൂട്യൂബിൽ ചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ജിമ്മി ഡൊണാൾഡ്‌സൺ.
യൂട്യൂബ് ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായ ജിമ്മിയുടെ മിസ്റ്റർ ബീസ്റ്റ് (MrBeast) എന്ന ചാനൽ ടി-സീരീസിനെ മറികടന്ന വിവരം അദ്ദേഹം തന്നെയാണ് ഞായറാഴ്ച എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചത്. സ്വീഡിഷ് യൂട്യൂബർ ‘പ്യൂഡിപൈ’-ക്ക് വേണ്ടി താൻ പ്രതികാരം ചെയ്തുവെന്ന് മിസ്റ്റർ ബീസ്റ്റ് തൻ്റെ പോസ്റ്റിൽ കുറിച്ചു. ഏറ്റവും പുതിയ സബ്‌സ്‌ക്രിപ്‌ഷൻ കണക്കുകൾ കാണിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നിലവിൽ 268 ദശലക്ഷം പേരാണ് യൂട്യൂബിൽ ബീസ്റ്റിനെ പിന്തുടരുന്നത്.
പ്യൂഡിപൈ - ടി-സീരീസ് യുദ്ധം...
യുട്യൂബ് സെൻസേഷൻ ഫെലിക്സ് കെൽബെർഗാണ് പ്യൂഡിപൈ എന്ന പേരിലുള്ള ചാനലിന് പിന്നിൽ. ഒരു കാലത്ത് യൂട്യൂബിൽ പ്യൂഡിപൈ - ടി-സീരീസ് യുദ്ധമായിരുന്നു. ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ചാനലായിരുന്ന പ്യൂഡിപൈ-യെ വർഷങ്ങൾക്ക് മുമ്പ് ടി-സീരീസ് മറികടന്നിരുന്നു. അതോടെ ഫെലിക്സിന്റെ ആരാധകർ അദ്ദേഹത്തിന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തുകയും ടി-സീരീസിനെതിരെ തിരിയുകയും ചെയ്തു. എന്നാൽ, വളർച്ച തുടർന്ന ടി-സീരീസ് ബഹുദൂരം മുന്നിലെത്തുന്ന കാഴ്ചയായിരുന്നു പിന്നീട് നാം കണ്ടത്. എന്നാലിപ്പോൾ ടി-സീരീസിനെ ആദ്യമായി മറികടന്നിരിക്കുകയാണ് സാക്ഷാൽ മിസ്റ്റർ ബീസ്റ്റ്.
മിസ്റ്റർ ഭീകരൻ...
വിചിത്രവും പേടിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങളിലൂടെയാണ് ജിമ്മി ഡൊണാൾഡ്‌സൺ എന്ന മിസ്റ്റർ ബീസ്റ്റ് ജനപ്രിയമാകുന്നത്. തന്നെ ജീവനോടെ കുഴിച്ചുമൂടിയ വിഡിയോ യൂട്യൂബിൽ പങ്കുവെച്ചയാളാണ് ജിമ്മി. 50 മണിക്കൂർ നേരം ചില്ലുകൊണ്ടുള്ള ശവപ്പെട്ടിയിൽ കിടന്ന 26-കാരൻ അതിനുള്ളിലെ അനുഭവം പകർത്തി പങ്കുവെച്ച വിഡിയോ കോടിക്കണക്കിന് ആളുകളായിരുന്നു കണ്ടത്.
ശവപ്പെട്ടിക്കുള്ളിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ചായിരുന്നു അകത്തെ രംഗങ്ങൾ പകർത്തിയത്. പുറത്ത് രണ്ട് സുഹൃത്തുക്കൾ അവനുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന സാഹസത്തിന്‍റെ 12 മിനിറ്റുകൾ മാത്രമാണ് യൂട്യൂബിൽ പങ്കുവെച്ചത്. രണ്ട് ദിവസത്തോളം മൂത്രമൊഴിക്കാതെ നിൽക്കേണ്ടി വന്നതും ഏറെ നേരം കിടന്നതിനാൽ നേരിട്ട ശക്തമായ പുറം വേദനയും ഇതുവരെയുണ്ടായതിൽ വെച്ചേറ്റവും ഭീകരമായ വിരസതയുമെല്ലാം ജിമ്മി വിഡിയോയിൽ പങ്കുവെച്ചു. ഇടുങ്ങിയ സ്ഥലം ഭയപ്പെടുന്ന അവസ്ഥയായ ക്ലോസ്ട്രോഫോബിക് (claustrophobic) അനുഭവങ്ങളും വിഡിയോയിൽ ജിമ്മി വിശദീകരിച്ചു.
റെക്കോർഡ് ബീസ്റ്റ്
ട്വിറ്ററിന്റെ എതിരാളിയായി മാർക് സക്കർബർഗ് അവതരിപ്പിച്ച മൈക്രോ ബ്ലോഗിങ് സൈറ്റായിരുന്നു ത്രെഡ്സ്. അവിടെയും മിസ്റ്റർ ബീസ്റ്റ് തരംഗമായി മാറുകയുണ്ടായി. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തിയായിരുന്നു മിസ്റ്റർ ബീസ്റ്റ്. ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2022-ൽ ലോകത്ത് തന്നെ ഏറ്റവും ചിലവേറിയ യൂട്യൂബ് വിഡിയോ പുറത്തിറക്കി മിസ്റ്റർ ബീസ്റ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. 400 കോടിയിലേറെ രൂപയാണ് (50 മില്യൺ ഡോളർ) വിഡിയോക്ക് ചിലവായത്. "ഞാൻ 24 മണിക്കൂറിനുള്ളിൽ 50 മില്യൺ ഡോളർ ചെലവഴിച്ചു" എന്ന തലക്കെട്ടിൽ പുറത്തുവന്ന വിഡിയോ വമ്പൻ ഹിറ്റായി മാറിയിരുന്നു.
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് സ്വന്തമാക്കിയ (നോൺ-മ്യൂസിക്) വിഡിയോ മിസ്റ്റർ ബീസ്റ്റിന്റേതാണ്. "I Bought a 3.5 Million Supercar and Gave it Away" എന്ന തലക്കെട്ടിൽ ബീസ്റ്റ് പോസ്റ്റ് ചെയ്ത വിഡിയോക്ക് 24 മണിക്കൂറിനുള്ളിൽ 101 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.