‘എക്സിൽ’ പങ്കുവെച്ച വിഡിയോക്ക് ലഭിച്ച വരുമാനം രണ്ട് കോടി; വെളിപ്പെടുത്തലുമായി യൂട്യൂബർ
text_fieldsലോകത്തിലെ ഏറ്റവും വലിയ യൂട്യൂബറാണ് മിസ്റ്റർ ബീസ്റ്റ് (MrBeast) എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ. 234 ദശലക്ഷം പേരാണ് യൂട്യൂബിൽ മിസ്റ്റർ ബീസ്റ്റിനെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. യൂട്യൂബിൽ കോടിക്കണക്കിന് കാഴ്ചക്കാരുള്ള മിസ്റ്റർ ബീസ്റ്റിന് മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിലും (ട്വിറ്റർ) ഏറെ ആരാധകരുണ്ട്.
ഇപ്പോഴിതാ എക്സിൽ പങ്കുവെച്ച ഒരു വിഡിയോയിലൂടെ തനിക്ക് 2.5 ലക്ഷം ഡോളർ (ഏകദേശം രണ്ട് കോടി രൂപ) വരുമാനം ലഭിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് മിസ്റ്റർ ബീസ്റ്റ്.
നേരത്തെ എക്സിനെതിരെ അമേരിക്കൻ യൂട്യൂബർ രംഗത്തുവന്നിരുന്നു. ഇലോൺ മസ്കിന് കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പുതിയ ഉള്ളടക്കം നേരിട്ട് പോസ്റ്റ് ചെയ്യുന്നതിൽ കാര്യമില്ലെന്നും സൃഷ്ടാക്കൾക്ക് ചെറിയ തുക മാത്രമാണ് പരസ്യവരുമാനമായി ലഭിക്കുന്നതെന്നുമായിരുന്നു മിസ്റ്റർ ബീസ്റ്റ് പറഞ്ഞത്. പങ്കുവെക്കുന്ന വിഡിയോകൾക്ക് ഒരു ബില്യൺ കാഴ്‌ചകൾ ലഭിച്ചാൽ പോലും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ എക്സിൽ ഒരു പഴയ വിഡിയോ പങ്കുവെക്കുമെന്നും കാരണം അതിൽ നിന്ന് തനിക്ക് എത്ര പരസ്യ വരുമാനം നേടാനാകുമെന്ന് കാണാൻ ജിജ്ഞാസയുണ്ടെന്നും മിസ്റ്റർ ബീസ്റ്റ് പ്രഖ്യാപിച്ചു. വൻ വൈറലായ വിഡിയോക്ക് 155 ദശലക്ഷം വ്യൂസാണ് ലഭിച്ചത്. പിന്നാലെ ആ വിഡിയോയിലൂടെ തനിക്ക് 2.63 ലക്ഷം ഡോളർ വരുമാനം ലഭിച്ചതിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, തനിക്ക് ലഭിച്ച വരുമാനം മറ്റുള്ളവർക്ക് ലഭിച്ചേക്കില്ലെന്നും മിസ്റ്റർ ബീസ്റ്റ് അറിയിച്ചു. കോടിക്കണക്കിന് ആരാധകരുള്ള മിസ്റ്റർ ബീസ്റ്റിന്റെ വിഡിയോക്ക് ലഭിക്കുന്ന ജനശ്രദ്ധ മുതലെടുത്ത പരസ്യദാതാക്കൾ അതിൽ അവരുടെ പരസ്യങ്ങൾ കുത്തിനിറക്കുകയായിരുന്നു.
2022-ന്റെ അവസാനത്തിൽ ഇലോൺ മസ്‌ക് ഏറ്റെടുത്തതിനുശേഷം പണം സമ്പാദിക്കാൻ പാടുപെടുകയായിരുന്നു എക്സ്. മറ്റ് സോഷ്യൽ മീഡിയകളെ അപേക്ഷിച്ച് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് നൽകിയ മസ്കിന്റെ സമീപനത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് നിരവധി പരസ്യദാതാക്കൾ എക്സ് വിട്ടിരുന്നു. ഇതിനെല്ലാം പുറമേ, സൈറ്റിലേക്കുള്ള ട്രാഫിക് വലിയ രീതിയിൽ കുറയുകയും ചെയ്‌തതിനാൽ നിരവധി വ്യവസായ വിദഗ്ധരും കമന്റേറ്റർമാരും മിസ്റ്റർ ബീസ്റ്റിന്റെ ‘പരീക്ഷണം’ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
ആളുകളെ ആകർഷിക്കുന്നതിനും ഇടപഴകൽ വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി പ്ലാറ്റ്‌ഫോമിലേക്ക് നിരവധി പുതിയ സവിശേഷതകൾ ഇലോൺ മസ്ക് അവതരിപ്പിച്ചു - പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും പരസ്യ വരുമാനം ഉള്ളടക്ക സ്രഷ്‌ടാക്കളുമായി പങ്കിടുന്നതുമുൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് അദ്ദേഹമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.