ത്രെഡ്സിലെ ആദ്യത്തെ ‘വൺ മില്യൺ’; ഗിന്നസ് റെക്കോർഡ് നേടിയ യൂട്യൂബറെ കുറിച്ച് അറിയാം...
text_fieldsബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ആകെ 45 കോടി യൂസർമാരാണുള്ളത്. എന്നാൽ, ലോഞ്ച് ചെയ്ത് 48 മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ട്വിറ്ററിന്റെ എതിരാളിയായ ത്രെഡ്സ് 60 ദശലക്ഷം സജീവ ഉപയോക്താക്കളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ ഇത്രയും യൂസർമാരെ സ്വന്തമാക്കുന്ന പ്ലാറ്റ്ഫോം കൂടിയാണ് മെറ്റയുടെ ത്രെഡ്സ്.
എന്നാൽ, ത്രെഡ്സിൽ തരംഗമായി മാറിയിരിക്കുന്ന ഒരാളുണ്ട്. 'മിസ്റ്റർ ബീസ്റ്റ് (MrBeast)' എന്നറിയപ്പെടുന്ന യുട്യൂബർ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സൺ. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തിയായി മാറിയത് മിസ്റ്റർ ബീസ്റ്റാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
അതേസമയം, സാങ്കേതികമായി നോക്കിയാൽ പത്ത് ലക്ഷം പിന്തുടർച്ചക്കാരെ ആദ്യമായി നേടുന്ന അക്കൗണ്ട് ബീസ്റ്റിന്റേതല്ല. ഇൻസ്റ്റാഗ്രാം, നാഷണൽ ജിയോഗ്രാഫിക് തുടങ്ങിയ അക്കൗണ്ടുകൾ അതിന് മുമ്പേ തന്നെ ഒരു ദശലക്ഷം പിന്നിട്ടിരുന്നു. എന്നാൽ, ത്രെഡ്സിൽ വൺ മില്യൺ തികയ്ക്കുന്ന ആദ്യത്തെ വ്യക്തി മിസ്റ്റർ ബീസ്റ്റ് ആണെന്ന് ഗിന്നസ് അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ കൂടിയാണ് മിസ്റ്റർ ബീസ്റ്റ്. 165 ദശലക്ഷം ആളുകൾ ബീസ്റ്റിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. യൂട്യൂബിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ വയസ് 25 ആണ്. അമ്പരപ്പിക്കുന്ന റെക്കോർഡുകളാണ് ജിമ്മി ഡൊണാൾഡ്സണിന്റെ പേരിലുള്ളത്.
2022-ൽ ലോകത്ത് തന്നെ ഏറ്റവും ചിലവേറിയ യൂട്യൂബ് വിഡിയോ പുറത്തിറക്കി മിസ്റ്റർ ബീസ്റ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. 400 കോടിയിലേറെ രൂപയാണ് (50 മില്യൺ ഡോളർ) വിഡിയോക്ക് ചിലവായത്. "ഞാൻ 24 മണിക്കൂറിനുള്ളിൽ 50 മില്യൺ ഡോളർ ചെലവഴിച്ചു" എന്ന തലക്കെട്ടിൽ പുറത്തുവന്ന വിഡിയോ വമ്പൻ ഹിറ്റായി മാറിയിരുന്നു.
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് സ്വന്തമാക്കിയ (നോൺ-മ്യൂസിക്) വിഡിയോ മിസ്റ്റർ ബീസ്റ്റിന്റേതാണ്. "I Bought a $3.5 Million Supercar and Gave it Away" എന്ന തലക്കെട്ടിൽ ബീസ്റ്റ് പോസ്റ്റ് ചെയ്ത വിഡിയോക്ക് 24 മണിക്കൂറിനുള്ളിൽ 101 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.