ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി
text_fieldsവഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.
പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്‌ബോക്‌സ് പരീക്ഷണ അടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.