ഡിജിറ്റൽ തേരിലേറി ‘മൈജി’ ഷാജി
text_fieldsകോഴിക്കോട്: താമരശ്ശേരിയിലെ ശാന്തതയിൽനിന്ന് നഗരത്തിരക്കിലേക്കു കടന്നപ്പോൾ മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജിയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളക്കുന്നേ ഉണ്ടായിരുന്നുള്ളൂ. 2006ൽ കോഴിക്കോട് മാവൂർ റോഡിൽ 200 സ്ക്വയർ ഫീറ്റിൽ നാലു ജീവനക്കാരുമായി തുടങ്ങിയ ഷോപ്പ് ഇന്ന് സംസ്ഥാനത്തുടനീളം പടർന്നുപന്തലിച്ച് നൂറിൽപരം സ്റ്റോറുകളായി മാറിയതിനു പിന്നിൽ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആസൂത്രണത്തിന്റെയും കൈയൊപ്പുണ്ട്.
ഇത്രയും ഷോപ്പുകളിലും സർവിസ് സെന്ററുകളിലുമായി എത്ര ജീവനക്കാരുണ്ടെന്ന് ചോദിച്ചാൽ ഷാജി പറയും, ഒറ്റ ജീവനക്കാരനുമില്ലെന്ന്. ഒന്നും മനസ്സിലാകാത്തപോലെ അന്തംവിട്ടിരുന്നാൽ ഷാജി വിശദീകരിക്കും, മൈജിയിലുള്ളവരാരും തന്റെ ജീവനക്കാരല്ല, പാർട്ണർമാരാണെന്ന്. ഷാജിയും ഷാജിക്കൊപ്പമുള്ള ഈ ‘പാർട്ണർ’ പട്ടാളവും ചേർന്നാണ് സംസ്ഥാനത്തെ ഇലക്ട്രോണിക്സ്, ഡിജിറ്റൽ മേഖലയിൽ മൈജിയുടെ സ്ഥാനം മുൻനിരയിലെത്തിച്ചത്.
വിറ്റുവരവിൽ കുതിച്ചുചാട്ടം
2021ൽ മൈജിയുടെ വിറ്റുവരവ് 1000 കോടി രൂപയായിരുന്നു. 2022ൽ ഇത് 1750 കോടിയായി. 2023ൽ 3000 കോടിയാണ് പ്രതീക്ഷ. ഇതിനകം പകുതി നേടിക്കഴിഞ്ഞു. ഓണസീസണിൽ മാത്രം 800 കോടി നേട്ടം കൈവരിക്കുന്നതോടെ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ 3000 കോടി രൂപ കടക്കുമെന്ന് ഷാജി ഉറപ്പിച്ചുപറയുന്നു. ഇത് 2025 ആകുമ്പോഴേക്കും കേരളത്തിലെ സ്റ്റോറുകളിൽനിന്ന് മാത്രം 5000 കോടി വിറ്റുവരവ് ലാക്കാക്കിയാണ് മൈജിയുടെ യാത്ര.
ഇപ്പോൾ എല്ലാ സ്റ്റോറുകളിലും സർവിസ് സെന്ററുകളിലുമായി 2500 പേർ ജോലിചെയ്യുന്നുണ്ട്. 2025ഓടെ 5000 പേർക്ക് ജോലി നൽകാനാകും. വലിയ നഗരങ്ങളിലെന്നപോലെ മൈജിയുടെ സാന്നിധ്യമില്ലാത്ത ചെറുപട്ടണങ്ങളും ഇനി കേരളത്തിലുണ്ടാകില്ല. എവിടെ സ്റ്റോർ തുറന്നാലും ജോലി മുൻഗണന പ്രദേശവാസികൾക്കാകും. കഴിവുള്ളവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി പാർട്ണറാക്കുക എന്നതാണ് ഷാജി പോളിസി.
ഓണം മാസ്സ് ഓണം
മൈജിയുടെ ഓണം കാമ്പയിന്റെ കട്ട് കാപ്ഷൻ (ഓണം മാസ്സ് ഓണം) പോലെതന്നെ, ‘കോവിഡ്’ ഉണർത്തിയ ഡിജിറ്റൽ മേഖലക്ക് കഴിഞ്ഞ ഓണമെന്നപോലെ ഇത്തവണയും പൂക്കാലമാണ്. ഓഫറുകളുടെ പെരുമഴ തീർത്താണ് മൈജിയുടെ ഓണാഘോഷം. 10 കോടി രൂപ വിലമതിക്കുന്ന ഡിസ്കൗണ്ടുകളും സമ്മാനങ്ങളും ഒരുക്കിയാണ് കസ്റ്റമേഴ്സിനെ മൈജി വരവേൽക്കുന്നത്. പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സമ്മാനങ്ങൾ ഉറപ്പ്. കമ്പനികൾ നൽകുന്ന ഡിസ്കൗണ്ടുകൾക്കു പുറമെ സ്പെഷൽ മൈജി ഡിസ്കൗണ്ടുമുണ്ട്. വീക്ക്ലി ലക്കി ഡ്രോയിലൂടെ പ്രത്യേക സമ്മാനങ്ങൾ വേറെയും.
എങ്ങനെയാണ് ഇത്ര വലിയ ഓഫറുകൾ നൽകാൻ കഴിയുന്നതെന്ന ചോദ്യം പ്രസക്തം. വിവിധ ബ്രാൻഡുകളും കമ്പനികളും നൽകുന്ന ആനുകൂല്യങ്ങൾ ഡിസ്കൗണ്ടുകളും സമ്മാനങ്ങളുമായി കസ്റ്റമേഴ്സിന് നൽകുന്നു എന്നാണ് ഇതിന് ഷാജി നൽകുന്ന മറുപടി. ഫിനാൻസ് സൗകര്യമുള്ളതിനാൽ ഉടനെ പണം നൽകിയില്ലെങ്കിലും ഓഫർ കാലത്ത് ഉൽപന്നങ്ങൾ സ്വന്തമാക്കാം. നേരത്തേ ഒരു കമ്പനിയുടെ മാത്രം ഫിനാൻസുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നിരവധി ബാങ്കുകളുടെ ഫിനാൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വ്യാപാരവും തകൃതി. പ്രധാന നഗരങ്ങളിൽ ഓർഡർ ലഭിച്ച് മണിക്കൂറുകൾക്കകം ഉൽപന്നം എത്തിച്ചുകൊടുക്കാനാകുന്നുണ്ട്.
ഓഫറുകളും ഫിനാൻസ് സൗകര്യവും കസ്റ്റമേഴ്സിനെ കൂടുതൽ ചെലവിടാൻ പ്രേരിപ്പിക്കുന്നുവെന്ന് ഓണവിപണിയിലെ തകർപ്പൻ മുന്നേറ്റം ചൂണ്ടിക്കാട്ടി ഷാജി സാക്ഷ്യപ്പെടുത്തുന്നു. വില കുറഞ്ഞ മൊബൈൽ ഫോണുള്ളവർ കൂടുതൽ സൗകര്യമുള്ള മൊബൈലിലേക്ക് ചുവടുമാറ്റുമ്പോൾ എൽ.ഇ.ഡി ടി.വി ഉള്ളവർ സ്മാർട്ട് ടി.വിയിലേക്കു മാറുന്നു. സിംഗ്ൾ ഡോർ ഫ്രിഡ്ജുള്ളവർ ഡബ്ൾ ഡോറിലേക്കും സാധാരണ വാഷിങ് മെഷീനുകൾ ഓട്ടോമാറ്റിലേക്ക് മാറ്റാനും ജനം താൽപര്യപ്പെടുന്നു.
സർവിസ് കെയർ
വിൽപനാനന്തര സർവിസിൽ അതീവ ശ്രദ്ധ പുലർത്തുന്നു എന്നത് മൈജിയുടെ വിശ്വാസ്യത വർധിപ്പിച്ചതായി ഷാജി പറയുന്നു. എല്ലാ ഷോറൂമുകൾക്കകത്തും സർവിസ് സെന്ററുകളുള്ള ഇന്ത്യയിലെ ഏക ചെയിൻ സ്റ്റോർ മൈജിയുടേതാണ്. പല പ്രമുഖ കമ്പനികൾക്കും ഇല്ലാത്ത സേവനമാണിത്. ഷോറൂമുകളിൽതന്നെ സർവിസ് തുടങ്ങുന്നത് വലിയ റിസ്കാണെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയതാണ്. പക്ഷേ, ആ റിസ്ക് ഏറ്റെടുത്ത് ഭംഗിയായി സർവിസ് ചെയ്യുന്നു എന്നതാണ് മൈജിയുടെ സവിശേഷത. സ്ത്രീകൾ മാത്രം സർവിസ് ചെയ്യുന്ന സെന്റർ കോഴിക്കോട്ട് തുടങ്ങിയപോലെ മുഖ്യ നഗരങ്ങളിലെല്ലാം തുടങ്ങാൻ പദ്ധതിയുണ്ട്.
ഏറ്റവും വലിയ സ്റ്റോർ ഉടനെ
ലോകത്തെ എല്ലാ പ്രമുഖ ബ്രാൻഡുകളും ഒരു കുടക്കീഴിൽ അണിനിരത്തി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോർ കേരളത്തിൽ യാഥാർഥ്യമാക്കാനും പദ്ധതിയുണ്ട്.കോഴിക്കോട് തന്നെയാകും സ്റ്റോർ തലയുയർത്തുക. അതൊരു എക്സ്പീരിയൻസ് സോൺ സെന്റർ ആകണമെന്നാണ് ഷാജിയുടെ സ്വപ്നം. 2025നുമുമ്പ് 40 ഫ്യൂച്ചർ സ്റ്റോറുകൾ പ്രവർത്തനം തുടങ്ങും. തിരുവനന്തപുരം, കരുനാഗപ്പള്ളി, തൊടുപുഴ, എറണാകുളം, വടകര, കണ്ണൂർ, താമരശ്ശേരി, പാലക്കാട് സ്റ്റോറുകളുടെ പ്രവൃത്തി നടക്കുകയാണ്.
സ്വന്തം ബ്രാൻഡ് ‘ഗാഡ് മി’
വിൽപനയിൽ തുടങ്ങി സ്വന്തം പ്രോഡക്ട് വിപണിയിൽ എത്തിക്കാൻ സാധിച്ചതാണ് മറ്റൊരു കുതിച്ചുചാട്ടം. ചൈനയും ഡൽഹിയും കേന്ദ്രീകരിച്ച് ടി.വി, മൊബൈൽ ഫോൺ ആക്സസറീസാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്. നിലവിൽ മൈജി സ്റ്റോറുകളിലൂടെ വിൽപന നടത്തുന്ന ‘ഗാഡ് മി’ ഭാവിയിൽ ഇന്ത്യയിലും വിദേശത്തുമുള്ള മറ്റു നെറ്റ്വർക്കുകളിലൂടെയും വിപണനം ലക്ഷ്യമിടുന്നു. സ്വന്തം ഫാക്ടറി കേരളത്തിൽ തുടങ്ങുന്നതും സജീവ പരിഗണനയിലുണ്ട്. ഹോം അപ്ലയൻസസ് രംഗത്തും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. കേരളം ബിസിനസിന് അനുകൂലമായ മണ്ണാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുമ്പോൾ ഫാക്ടറിയുടെ കാര്യത്തിലും ഷാജിക്ക് ആ ശുഭാപ്തിയുണ്ട്. 200 സ്ക്വയർ ഫീറ്റ് ഷോപ്പിൽനിന്ന് തുടങ്ങി ചുരുങ്ങിയ കാലംെകാണ്ട് ഇത്രയും പുരോഗതി പ്രാപിക്കാനായെങ്കിൽ ഇന്ത്യയിലെ നമ്പർ വൺ കമ്പനിയാവുകയെന്ന ലക്ഷ്യം ഷാജിയെ സംബന്ധിച്ച് വിദൂര സ്വപ്നമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.