അടക്കാത്തൊലിയിൽനിന്ന് ബാറ്ററികളിലെ നാനോ സംയുക്തങ്ങൾ
text_fieldsകണ്ണൂർ: ബാറ്ററികളിൽ ഉപയോഗിക്കാൻ അടക്കയുടെ തൊലിയിൽ നിന്ന് വേർതിരിച്ച നാനോ സംയുക്തങ്ങളുമായി കണ്ണൂർ സർവകലാശാല. പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന രസതന്ത്ര വിഭാഗത്തിലെ ഗവേഷകരാണ് അടക്കയുടെ തൊലിയിൽനിന്ന് ലിഥിയം അയോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന നാനോ സിലിക്കൺ നിർമിച്ചത്.
ഉയർന്ന സംഭരണശേഷി പ്രകടിപ്പിക്കുന്ന സിലിക്കൺ അടിസ്ഥാനമാക്കിയ ലിഥിയം ബാറ്ററികൾ അവയുടെ കുറഞ്ഞ സ്ഥിരത കാരണം നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ല. എന്നാൽ, അടക്കയിൽ നിന്ന് വേർതിരിച്ച സിലിക്കൺ നാനോ സംയുക്തങ്ങളുടെ സവിശേഷ രൂപവും ഘടനയും മൂലം ബാറ്ററി നിരവധി തവണ ചാർജും ഡിസ്ചാർജും ചെയ്യാൻ കഴിയുന്നതാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ഫലപ്രദമാണെന്നും ഗവേഷകർ അവകാശപ്പെട്ടു.
നിലവിൽ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് അടിസ്ഥാനമാക്കിയ ഇലക്ട്രോഡുകളെ അപേക്ഷിച്ചു നാല് മടങ്ങ് അധികം സംഭരണ ശേഷി പ്രകടിപ്പിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന അടക്കയിൽ നിന്ന് നീക്കം ചെയ്യുന്ന തൊണ്ടു മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനും അതുവഴി അടക്ക വ്യവസായത്തിൽ നിന്നുള്ള കാർഷിക മാലിന്യങ്ങളുടെ നിർമാർജനത്തിനും കണ്ടെത്തൽ പരിഹാരമാകും.
കണ്ണൂർ സർവകലാശാല സ്വാമി ആനന്ദതീർഥ കാമ്പസിലെ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വിഭാഗം അസി. പ്രഫ. ഡോ. അഞ്ജലി പറവണ്ണൂർ, കെമിസ്ട്രി വിഭാഗം അസി. പ്രഫ. ഡോ. ബൈജു വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ നാനോ സംയുക്തങ്ങളടങ്ങിയ ബാറ്ററി വികസിപ്പിച്ചെടുത്തത്. ഭാരതിയാർ സർവകലാശാലയിലെ ഡോ. എൻ. പൊൻപാണ്ഡ്യൻ, പി. ദീപ്തി എന്നിവരും സംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.