നാലു മാസം പ്രായമുള്ള പേരക്കുട്ടിക്ക് നാരായണ മൂർത്തിയുടെ സമ്മാനം; 240 കോടിയുടെ ഇൻഫോസിസ് ഓഹരി
text_fieldsന്യൂഡൽഹി: നാലു മാസം മാത്രം പ്രായമുള്ള കൊച്ചുമകന് 240 കോടി രൂപയുടെ ഇൻഫോസിസിന്റെ ഓഹരികൾ സമ്മാനിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. അങ്ങനെ നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹൻ മൂർത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി. ഇതോടെ 15,00,000 ഓഹരികളും ഏകാഗ്രയ്ക്ക് സ്വന്തമായി. ഏകദേശം 0.04 ശതമാനം ഓഹരികള്‍ വരുമിത്. നാരായണ മൂര്‍ത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറയുകയും ചെയ്തു.
നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിയുടെയും ഭാര്യ അപർണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. 2023 നവംബറിലാണ് ഏകാഗ്ര ജനിച്ചത്. മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. ഇരുവരുടെയും മകൾ അക്ഷത മൂർത്തിക്കും ഭർത്താവും യു.കെ പ്രധാനമന്ത്രിയുമായ ഋഷി സുനക്കിനും രണ്ട് പെൺമക്കളുണ്ട്.
മഹാഭാരതത്തിലെ അർജുനന്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പേരക്കുട്ടിക്ക് ഏകാഗ്ര എന്ന് പേരിട്ടത്. ഏകാഗ്ര എന്ന വാക്കിന് സംസ്കൃതത്തിൽ അര്‍ഥം അചഞ്ചലമായ ശ്രദ്ധ, നിശ്ചയദാര്‍ഢ്യം എന്നൊക്കെയാണ്. 1000 രൂപയുടെ നിക്ഷേപത്തിൽ 1981ലാണ് ഇൻഫോസിസ് തുടങ്ങിയത്. ഇപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെക് കമ്പനിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.