ഗൂഗിൾ ഇന്ത്യയിൽ 1337 കോടി രൂപ പിഴയടയ്ക്കണം; നടപടി ശരിവെച്ച് ട്രൈബ്യൂണല്
text_fieldsന്യൂഡൽഹി: ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പേരിൽ സ്വന്തം മൊബൈൽ ആപ്ലിക്കേഷനുകൾ അടിച്ചേൽപിക്കുന്നു എന്ന കുറ്റത്തിന് ടെക് ഭീമൻ ഗൂഗ്ളിന് ചുമത്തിയ 1337.76 കോടി രൂപയുടെ പിഴ ദേശീയ കമ്പനി നിയമ അപലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ശരിവെച്ചു. 2022 ഒക്ടോബർ 20ന് കോമ്പിറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) ചുമത്തിയ പിഴ ഏതാനും ഭേദഗതികളോടെയാണ് ട്രൈബ്യൂണൽ ശരിവെച്ചത്. 30 ദിവസത്തിനകം പിഴത്തുക കെട്ടിവെക്കാനും ചെയർപേഴ്സൺ അശോക് ഭൂഷൺ, അംഗം അലോക് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. സി.സി.ഐ ഉത്തരവിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്ന ഗൂഗ്ളിന്റെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചില്ല.
2005ൽ ഗൂഗ്ൾ ഏറ്റെടുത്ത മൊബൈൽ ഓപറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. വിവിധ ആപ്പുകളും പ്രോഗ്രാമുകളും പ്രവർത്തിക്കുന്നതിന് സ്മാർട്ട് ഫോണുകൾക്ക് ഓപറേറ്റിങ് സിസ്റ്റം ആവശ്യമാണ്. ഇന്ത്യയിലെ 95 ശതമാനത്തോളം സ്മാർട്ട് ഫോണുകളും ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഈ രംഗത്തെ കുത്തകയാണ്.
സ്മാർട്ട്ഫോൺ നിർമാതാക്കളുമായി ഗൂഗ്ൾ ഉണ്ടാക്കിയ കരാറുകളിലെ വ്യവസ്ഥകളാണ് ഇപ്പോഴത്തെ കേസിനാധാരം. ഗൂഗ്ളിന്റെ മൊബൈൽ ആപ്ലിക്കേഷനുകളായ പ്ലേ സ്റ്റോർ, ക്രോം, ജിമെയിൽ, യൂട്യൂബ്, ഗൂഗ്ൾ ഡ്രൈവ് തുടങ്ങിയവ മുൻകൂട്ടിത്തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. ഈ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാനും സാധിക്കില്ല. ഇത് ഈ രംഗത്ത് കുത്തക സ്ഥാപിക്കാനുള്ള അന്യായ നടപടിയെന്നാണ് സി.സി.ഐ കണ്ടെത്തിയത്.
പിഴ ചുമത്തിയതിനൊപ്പം, ആപ്പുകളുടെ കാര്യത്തിൽ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് ഗുഗ്ൾ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സി.സി.സി ഉത്തരവിൽ നടപ്പാക്കാനാവശ്യപ്പെട്ട 10 കാര്യങ്ങളിൽ നാലെണ്ണം ട്രൈബ്യൂണൽ റദ്ദാക്കി. അതിനാൽ, ഗൂഗ്ൾ പ്ലേ സ്റ്റോറിൽ മറ്റ് ആപ്പ് സ്റ്റോറുകൾ ഉൾപ്പെടുത്താതിരിക്കാൻ ഗൂഗ്ളിന് തുടർന്നും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.