കനത്ത തിരിച്ചടിയിൽ നെറ്റ്ഫ്ലിക്സ്; രണ്ടാം പാദത്തിൽ നഷ്ടമായത് 10 ലക്ഷത്തോളം വരിക്കാർ
text_fieldsഒ.ടി.ടി സ്‌ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് തുടർച്ചയായ രണ്ടാം പാദത്തിലും വൻതോതിൽ വരിക്കാരെ നഷ്ടമായി. 9,70,000 ഉപഭോക്താക്കളാണ് പ്ലാറ്റ്ഫോം വിട്ടത്. ഇതോടെ കമ്പനിയുടെ വരിക്കാരുടെ എണ്ണം 221 ദശലക്ഷമായി ചുരുങ്ങി.
"ഞങ്ങളുടെ വരുമാനവും അംഗത്വ വളർച്ചയും വേഗത്തിലാക്കുകയും അതേസമയം നിലവിലെ പ്രേക്ഷകരെ നിലനിര്‍ത്തി അവരില്‍നിന്ന് വരുമാനം നേടുകയുമെന്നതാണ് ഞങ്ങളുടെ വെല്ലുവിളിയും അവസരവും," നെറ്റ്ഫ്ലിക്സ് അതിന്റെ വരുമാന റിപ്പോർട്ടിൽ പറയുന്നു.
നെറ്റ്ഫ്ലിക്സിന് 2021 അവസാനത്തെ അപേക്ഷിച്ച് 2022 ആദ്യ പാദത്തിൽ രണ്ട് ലക്ഷം ഉപഭോക്താക്കളെ നഷ്‌ടമായിരുന്നു. ഇത് ഓഹരി മൂല്യത്തിലും വൻ ഇടിവുണ്ടാക്കി. ഉക്രൈൻ - റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യയിലെ തങ്ങളുടെ സേവനം താൽക്കാലികമായി നിർത്തിവെച്ചതാണ് തകർച്ചയുടെ ഒരു കാരണമെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്ലിക്സിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഏഴ് ലക്ഷം വരിക്കാരുടെ കുറവുണ്ടായി.
ഏകദേശം 221 ദശലക്ഷം കുടുംബങ്ങൾ നിലവിൽ വരിക്കാരായി ഉണ്ടെങ്കിലും പത്ത് കോടി കുടുംബങ്ങള്‍ പണം നല്‍കാതെയാണ് നെറ്റ്‌ഫ്ലിക്‌സ് സേവനം ഉപയോഗിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പലരും കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും സബ്‌സ്‌ക്രിപ്ഷന്‍ പങ്കുവെക്കുന്നതും വളര്‍ച്ചയെ ബാധിക്കുന്നെന്ന് വിലയിരുത്തുന്നു. ആപ്പിളും ഡിസ്നിയും പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുമായി കടുത്ത മത്സരമാണ് നെറ്റ്ഫ്ലിക്സ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.