നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ചോദിച്ച് വരുന്നവരോട് ഇനി 'നോ' പറയേണ്ടി വരും; പുതിയ മാറ്റവുമായി കമ്പനി
text_fieldsനെറ്റ്ഫ്ലിക്സ് പാസ്‌വേഡ് കൂട്ടുകാരുമായി പങ്കുവെക്കുന്ന മഹാമനസ്കർക്ക് മുട്ടൻ പണി വരുന്നു. പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എടുക്കുന്നവർ പണമീടാക്കിയും അല്ലാതെയും അവരുടെ അക്കൗണ്ടുകൾ ഷെയർ ചെയ്യുന്ന രീതിക്കാണ് പ്രമുഖ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് കടിഞ്ഞാണിടാൻ പോകുന്നത്.
ഒരേ വീട്ടിൽ താമസിക്കാത്ത ആളുകൾക്കിടയിൽ പാസ്‌വേഡുകൾ പങ്കിടുന്ന സമ്പ്രദായം വ്യാപകമാണെന്ന് കണ്ടെത്തിയതോടെയാണ് കമ്പനിയുടെ നടപടി. പ്ലാറ്റ്ഫോമിലെ 649 രൂപയുടെയും 499 രൂപയുടെയും പ്ലാനുകൾ ഒരേസമയം രണ്ട് മുതൽ നാല് പേർക്ക് വരെ ഉപയോഗിക്കാം. അതിനായി ആപ്പിൽ പ്രത്യേക പ്രൊഫൈലുകൾ നിർമിക്കാനുള്ള ഓപ്ഷനുമുണ്ട്.
എന്നാൽ, ഇത്തരം പ്ലാനുകൾ വീട്ടിലുള്ളവരുമായി മാത്രം പങ്കിടാൻ നെറ്റ്ഫ്ലിക്സ് നിർദേശിക്കുന്നുണ്ട്. പലരും അത് കാര്യമാക്കാതെ അഞ്ചിലധികം പേരുമായി അക്കൗണ്ട് പങ്കിടാറുമുണ്ട്. ഇനിമുതൽ അത് നടക്കില്ലെന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. വീടിന് പുറത്തുള്ള ഉപയോക്താക്കൾക്ക് അക്കൗണ്ട് ഷെയർ ചെയ്യുന്ന പ്രധാന അക്കൗണ്ട് ഉടമകളിൽ നിന്നും അധിക ഫീസ് ഈടാക്കാനാണ് അവർ ഒരുങ്ങുന്നത്.
ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളിൽ പുതിയ നിയന്ത്രണം നെറ്റ്ഫ്ലിക്സ് പരീക്ഷിക്കാനൊരുങ്ങുകയാണ്. പ്രതിമാസം രണ്ട് മുതൽ മൂന്ന് ഡോളർ വരെ അധികം ഈടാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അതേസമയം, അക്കൗണ്ട് പുറത്തുള്ളവരുമായി പങ്കിടുന്നത് എവ്വിധമാണ് നെറ്റ്ഫ്ലിക്സ് കണ്ടുപിടിക്കുകയെന്നതിൽ ഇപ്പോൾ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.