‘ഇനിയും തുടരാൻ വയ്യ’; 25 വർഷമായുള്ള പ്രധാന സേവനം നിർത്താൻ നെറ്റ്ഫ്ലിക്സ്
text_fieldsഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ഓവർ ദ ടോപ് (ഒ.ടി.ടി) പ്ലാറ്റ്ഫോമുകളിലൊന്നായ നെറ്റ്ഫ്ലിക്സ് തുടക്കകാലത്ത് ഡിവിഡി വാടകയ്ക്ക് തപാലിൽ എത്തിച്ചുകൊടുക്കുന്ന ചെറിയൊരു സ്ഥാപനം മാത്രമായിരുന്നു. 1997-ൽ റീഡ് ഹേസ്റ്റിംഗ്‌സും മാർക്ക് റാൻഡോൾഫും ചേർന്നായിരുന്നു ഡിവിഡി-ബൈ-മെയിൽ സേവനമായ കിബിൾ (Kibble) സ്ഥാപിച്ചത്. അത് പിന്നീട് നെറ്റ്ഫ്ലിക്സ് ആയി മാറുകയും ചെയ്തു.
കേബിൾ നെറ്റ്വർക്കിനെ പോലും വെല്ലുന്ന സ്ട്രീമിങ് ഭീമനായിട്ടുപോലും നെറ്റ്ഫ്ലിക്സ് വന്ന വഴി മറന്നിരുന്നില്ല. ഇപ്പോഴും ഡി.വി.ഡി റെന്റൽ ബിസിനസ് അവർ തുടരുകയാണ്. എന്നാൽ, അതിന് അന്ത്യം കുറിക്കാൻ പോവുകയാണ് കമ്പനിയിപ്പോൾ. നീണ്ട 25 വർഷങ്ങൾക്ക് ശേഷം നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഡിവിഡി ബിസിനസ് ഔദ്യോഗികമായി അടച്ചുപൂട്ടുന്നു. ഈ വർഷം സെപ്തംബർ 29-ന് DVD.com-ൽ നിന്ന് നെറ്റ്ഫ്ലിക്സ് അവരുടെ അവസാന ഡിസ്കുകൾ അയയ്ക്കും.
തങ്ങളുടെ ഡിവിഡി വാടകയ്‌ക്ക് കൊടുക്കുന്ന ബിസിനസ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഗുണനിലവാരമുള്ള സേവനം തുടർന്നും വരിക്കാർക്ക് നൽകാനാവില്ലെന്നും കമ്പനി അറിയിച്ചു.
“അവിശ്വസനീയമായ 25 വർഷത്തെ പ്രയാണത്തിന് ശേഷം, ഈ വർഷാവസാനം ഡിവിഡി ഡോട്ട് കോം അടച്ചുപൂട്ടാൻ ഞങ്ങൾ തീരുമാനിച്ചു. ഈ സേവനം ആളുകൾ വീട്ടിലിരുന്ന് ഷോകളും സിനിമകളും കാണുന്ന രീതി തന്നെ മാറ്റിമറിച്ചു - അവ സ്ട്രീമിംഗിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കി’’ -നെറ്റ്ഫ്ലിക്‌സിന്റെ സഹ-സിഇഒ ടെഡ് സരൻഡോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.