പുതിയ എ.ഐ ചാറ്റ് ബോട്ട് ‘തെറ്റുത്തരം’ പറഞ്ഞു; ഗൂഗിളിന് നഷ്ടം 100 ബില്യൺ ഡോളർ
text_fieldsയുവാക്കളുടെ ഇടയിൽ വൻ തരംഗം സൃഷ്ടിക്കുന്ന ചാറ്റ്ജി.പി.ടി ഉയർത്തിയ വെല്ലുവിളി അതിജീവിക്കാനായി അവതരിപ്പിച്ച എ.ഐ ചാറ്റ്ബോട്ടായ ‘ബാർഡ്’ ഗൂഗിളിന് സമ്മാനിച്ചത് ഭീമൻ നഷ്ടം. ഒരു പ്രമോഷണൽ വിഡിയോയിൽ ‘ബാർഡ്’ തെറ്റായ വിവരങ്ങൾ പങ്കുവെച്ചതോടെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് ബുധനാഴ്ച വിപണി മൂല്യത്തിൽ നിന്ന് 100 ബില്യൺ ഡോളറാണ് നഷ്ടമായത്. മൂന്ന് മാസങ്ങൾക്കിടെ ആദ്യമായാണ് അവർ ഇത്ര വലിയ നഷ്ടം നേരിടുന്നത്.
ബാർഡ് തെറ്റായ വിവരങ്ങൾ നൽകിയത് ഇന്റർനെറ്റ് സെർച്ചിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തിൽ ടെക് ഭീമന് തുടക്കത്തിൽ തന്നെ അടിത്തറ നഷ്ടപ്പെട്ടുവെന്ന ആശങ്കയ്ക്ക് കാരണമായി.
ഓപൺഎ.ഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടി വൻ ജനപ്രീതിയാർജ്ജിച്ചതും അടുത്ത തലമുറ സെർച്ച് എഞ്ചിനായി ടെക് ലോകം അതിനെ കാണാൻ തുടങ്ങിയതും വലിയ സമ്മർദ്ദം സൃഷ്ടിച്ചതോടെയാണ് ഗൂഗിൾ ‘ബാർഡ്’ എന്ന എ.ഐ പദ്ധതിയുമായി രംഗത്തുവന്നത്. ഓപ്പൺഎ.ഐയിൽ കോടിക്കണക്കിന് നിക്ഷേപം നടത്തുന്ന മൈക്രോസോഫ്റ്റ് ചാറ്റ്ജി.പി.ടിയിലുള്ള സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ബിങ് സെർച്ച് എഞ്ചിന്റെയും എഡ്ജ് ബ്രൗസറിന്റെയും പുതിയ പതിപ്പ് പുറത്തിറക്കിയതും ഗൂഗിളിന് തിരിച്ചടിയായി.
ബുധനാഴ്‌ച, ഗൂഗിൾ പാരീസിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ സെർച്ച് എഞ്ചിനുമായി സംയോജിപ്പിക്കുന്നതിന്റെ പുരോഗതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഗൂഗിൾ പങ്കിട്ടത്. എന്നാൽ, ആദ്യ പ്രദർശനത്തിൽ തന്നെ ബാർഡിന്റെ പ്രകടനത്തിൽ നിക്ഷേപകർ നിരാശരാകുന്ന കാഴ്ചയായിരുന്നു.
‘ജെയിംസ് വെബ്’ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള പുതിയ കണ്ടെത്തലുകളെ കുറിച്ചായിരുന്നു ബാർഡിനോട് ചോദിച്ചത്. ‘സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പകർത്താൻ ജെയിംസ് വെബ് ടെലിസ്കോപ് ഉപയോഗിച്ചതായി ബാർഡ് അതിന്റെ പ്രതികരണത്തിൽ പറഞ്ഞു - എന്നാൽ നാസ പറയുന്നത് യഥാർത്ഥത്തിൽ മറ്റൊരു ദൂരദർശിനിയാണ് അവ പകർത്തിയതെന്നാണ്.
നിലവിൽ വിശ്വസ്തരായ വളരെ കുറച്ച് ടെസ്റ്റർമാർക്ക് മാത്രമേ ബാർഡ് ലഭ്യമാക്കിയിട്ടുള്ളൂ. കൂടാതെ, ഓപ്പൺഎ.ഐയുടെ ചാറ്റ്ജി.പി.ടിയും സമാന രീതിയിൽ തെറ്റായതും കാലഹരണപ്പെട്ടതുമായി പ്രതികരണങ്ങൾ നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഗൂഗിളിന്റെ ജീവരക്തമായി തുടരുന്ന ‘സെർച്ച് ബിസിനസി’നുള്ള ഏത് ഭീഷണിയും നിക്ഷേപകരിൽ ആശങ്കയുയർത്തുന്നുണ്ട്.
സംഭവത്തിന് പിന്നാലെ ഗൂഗിൾ പുതിയ പ്രസ്താവന പുറത്തിറക്കിയിരുന്നു. ബാർഡിന്റെ പ്രതികരണം കർക്കശമായ പരിശോധനാ പ്രക്രിയയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതായി ഗൂഗിൾ പറഞ്ഞു. ബാർഡിന്റെ പ്രതികരണങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഏറ്റവും മികച്ചതാക്കാൻ തങ്ങളുടെ ആന്തരിക പരിശോധനക്കൊപ്പം ബാഹ്യ പ്രതികണങ്ങളും സംയോജിപ്പിച്ചുള്ള നടപടികളെടുക്കുമെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.