കുട്ടികളിലെ 'ഡിജിറ്റൽ ആസക്തി' തടയാൻ പുതിയ നിയമവുമായി ചൈന
text_fieldsഒാൺലൈൻ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് അടിമപ്പെടുന്നതിൽ നിന്ന് കുട്ടികളെയും കൗമാരക്കാരെയും തടയുന്നതിനായി ചൈന അവരുടെ ഭരണഘടനയിൽ പുതിയ കർശന നിയന്ത്രണങ്ങൾ അവതരിപ്പിക്കാനൊരുങ്ങുന്നു. ആസക്തി ഉളവാക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്താനായി നേരത്തെയുണ്ടായിരുന്ന ഒരു നിയമം നവീകരിക്കാൻ ചൈനീസ് സർക്കാർ വോട്ട് ചെയ്തതായി സർക്കാറിെൻറ കീഴിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതുക്കിയ നിയമപ്രകാരം പല ഒാൺലൈൻ സേവനങ്ങളെയും ഉത്പന്നങ്ങളെയും ചൈനയിൽ നിന്ന് ബാൻ ചെയ്യാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. അതായത്, കുട്ടികളിൽ ആസക്തിയുണ്ടാക്കുന്ന എല്ലാ സേവനങ്ങൾക്കും നിരോധനമോ, നിയന്ത്രണങ്ങളോ നേരിടേണ്ടിവന്നേക്കും. സമൂഹ മാധ്യമങ്ങൾ, ലൈവ് സ്ട്രീം സേവനങ്ങൾ, ഗെയിം ഡെവലപ്പർമാർ തുടങ്ങിയവർ അവരുടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും കുട്ടികൾക്ക് വേണ്ടിയുള്ള മാറ്റങ്ങൾ വരുത്തേണ്ടതായും വരും.
ഉപയോഗിക്കുന്നത് കുട്ടികളാണെങ്കിൽ അവർക്ക് ഒരു നിശ്ചിത സമയം മാത്രം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സജ്ജീകരിക്കണം. ഉള്ളടക്കത്തിലും മാറ്റം വരുത്തണം. കൂടാതെ, രാജ്യത്ത് സൈബർ ഭീഷണി കുറയ്ക്കുന്നതിന് കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പ്രത്യേക അവകാശവും പുതിയ നിയമം നൽകുന്നുണ്ട്.
സൈബർ ഭീഷണിയുടെ ഏത് സാഹചര്യത്തിലും ആവശ്യമായ നടപടി എടുക്കാൻ ഇൻറർനെറ്റ് ദാതാക്കളോട് ആവശ്യപ്പെടാനുള്ള അവകാശം കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ നൽകും. അനുചിതമായ ഏതെങ്കിലും ഉള്ളടക്കം അവർ ഓൺലൈനിൽ കണ്ടെത്തുകയാണെങ്കിൽ, അവർക്ക് വെബിൽ നിന്ന് പൂർണ്ണമായും നേരെയാക്കാനോ തടയാനോ ഇല്ലാതാക്കാനോ സാധിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഈ പുതിയ നിയമം 2021 ജൂൺ 1 ന് രാജ്യത്ത് നടപ്പാക്കും. ഇത് പ്രാബല്യത്തിൽ വരുമ്പോൾ, ഗെയിം ഡവലപ്പർമാരും ലൈവ്-സ്ട്രീം സേവനങ്ങളും ഉപയോക്താക്കൾ ഉള്ളടക്കങ്ങൾക്ക് അടിമകളാകുന്നത് തടയാൻ പ്രത്യേക നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.
പബ്ജിയടക്കമുള്ള ഗെയിമുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും ഏതൊക്കെ രീതിയിൽ യുവാക്കളിലും കുട്ടികളിലും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നത് നമുക്കെല്ലാവർക്കുമറിയാവുന്നതാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലും അപകടങ്ങളിലേക്ക് നയിച്ച പല സംഭവങ്ങളും ദിനേനെ നാം പല മാധ്യമങ്ങളിൽ നിന്നും അറിയുന്നു. സ്വന്തം ജീവൻ പോലും എടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഡിജിറ്റൽ യുഗം കുട്ടികളെ മാറ്റിക്കൊണ്ടിരിക്കുന്നത്. എന്തായാലും നാളെയുടെ വാഗ്ദാനങ്ങളാകേണ്ട പുതിയ തലമുറ ഡിജിറ്റൽ യുഗത്തിെൻറ പൊലിമയിൽ നിറംമങ്ങാതിരിക്കാൻ ചൈന കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.