പുതിയ ഓണ്‍ലൈന്‍ ന്യൂസ് നിയമം: കാനഡയിൽ വാർത്തകൾ ‘ബ്ലോക്ക്’ ചെയ്യുമെന്ന് ഗൂഗിൾ
text_fieldsകാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിൽ അമേരിക്കൻ സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ അവരുടെ പ്ലാറ്റ്‌ഫോമിൽ വാര്‍ത്താ ഉള്ളടക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. പ്രാദേശിക വാർത്താ പ്രസാധകർക്ക് പണം നൽകണമെന്ന കാനഡയിലെ പുതിയ നിയമത്തിനെതിരെയാണ് ഗൂഗിളിന്റെ നീക്കം. ഗൂഗിൾ സെർച്ച്, ഗൂഗിൾ ന്യൂസ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് കനേഡിയൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ തടയുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
ഗൂഗിളും മെറ്റയും കാനഡയിലെ മാധ്യമ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കണം എന്നാണ് നിയമത്തിൽ പറയുന്നത്. അതായത്, ഗൂഗിളിലും ഫേുസ്ബുക്കിലും വരുന്ന വാര്‍ത്താ ഉള്ളടക്കങ്ങളുടെ പ്രതിഫലം അത് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നല്‍കണം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കനേഡിയന്‍ പാര്‍ലമെന്റില്‍ ഓണ്‍ലൈന്‍ ന്യൂസ് ആക്റ്റ് പാസായത്. ഏകദേശം ആറു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമ്പോൾ, തങ്ങളുടെ സെർച്ച് റിസൽട്ടുകളിൽ നിന്നും കാനഡയിലെ മറ്റ് ഗൂഗിൾ ഉൽപ്പന്നങ്ങളിൽ നിന്നും കനേഡിയൻ വാർത്തകളിലേക്കുള്ള ലിങ്കുകൾ ഗൂഗിൾ നീക്കം ചെയ്യും.
നേരത്തെ ഫേസ്ബുക്ക് ഉടമകളായ മെറ്റയും ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനം അറിയിച്ചിരുന്നു. തങ്ങളുടെ പ്രവര്‍ത്തന രീതിയെ ഒട്ടും മാനിക്കാതെയാണ് നിയമനിര്‍മാണമെന്ന് മെറ്റ അറിയിച്ചു. തങ്ങള്‍ പോസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ക്ക് പണം നല്‍കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഭൂരിഭാഗം ഉപയോക്താക്കളും തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് വാര്‍ത്തകള്‍ വായിക്കാൻ വേണ്ടിയല്ലെന്നും മെറ്റയുടെ വക്താവ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.