എൻ.ഐ.ടി ഗവേഷകർ സ്മാർട്ട് സൗരോർജ അടുപ്പ് വികസിപ്പിച്ചു
text_fieldsചാത്തമംഗലം: എൽ.പി.ജി വില ഉയരുകയും പാചകത്തിനുള്ള വൈദ്യുതിയുടെ ഉപയോഗം ലാഭകരമല്ലാതാകുകയും ചെയ്ത സാഹചര്യത്തിൽ പ്രതീക്ഷയേകി സൗരോർജത്തിൽ പ്രവർത്തിക്കുന്ന 'സ്മാർട്ട് സോളാർ സ്റ്റൗ'. കാലിക്കറ്റ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് പുതിയ സ്റ്റൗ വികസിപ്പിച്ചെടുത്തത്.
പ്രവർത്തനച്ചെലവ് ഇല്ലാത്തതും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണെന്ന് ഡോ. വി. കാർത്തികേയൻ പറഞ്ഞു. എൻ.ഐ.ടി ഇൻഡസ്ട്രിയൽ പവർ റിസർച് ലബോറട്ടറികളിൽ ഉൽപന്നത്തിന്റെ പ്രവർത്തനം വിലയിരുത്തി. വീടുകളിലും തട്ടുകടകളിലും നടത്തിയ പരീക്ഷണത്തിൽ ഇത് മികച്ചരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇപ്പോൾ മിതമായ നിരക്കിൽ വിപണിയിൽ അവതരിപ്പിക്കാൻ തയാറായിട്ടുണ്ട്. രണ്ട് മോഡലുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ആദ്യ മോഡലിൽ സിംഗ്ൾ, ഡബ്ൾ സ്റ്റൗ ഉൽപന്നങ്ങൾ നേരിട്ട് സൂര്യനു കീഴിൽ ഉപയോഗിക്കാം. ഇത് ഗാർഹിക പാചകത്തിന് അനുയോജ്യമാണ്. തട്ടുകടകളിൽ എല്ലാത്തരം പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. തട്ടുകടയുടെ മേൽക്കൂരക്ക് മുകളിൽ സോളാർ പാനൽ സൂക്ഷിക്കും. വിനോദസഞ്ചാരികളുടെ ദീർഘദൂരയാത്രകളിൽ, വാഹനത്തിൽ ഫ്ലെക്സിബ്ൾ സോളാർ പാനലിനൊപ്പം 'സോളാർ സ്റ്റൗ' ഉപയോഗിക്കാം. വിദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്ന സൈനിക, വനം ഉദ്യോഗസ്ഥർക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. സോളാർ പാനലുള്ള സിംഗ്ൾ സ്റ്റൗവിന് ഏകദേശം 10,000 രൂപയും ഡബിൾ സ്റ്റൗവിന് ഏകദേശം 15,000 രൂപയും ആണ് ആകെ ചെലവ്.
രണ്ടാമത്തെ മോഡലിൽ, വെയിൽ ഇല്ലാത്ത സമയങ്ങളിൽ കൂടുതൽ പാചകസമയം കിട്ടുന്നതിന് കൺട്രോൾ യൂനിറ്റിനൊപ്പം ഒരു ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. സോളാർ പാനൽ റേറ്റിങ്ങും ബാറ്ററി ശേഷി ആവശ്യത്തിനനുസരിച്ച് വർധിപ്പിക്കാൻ കഴിയും. വെയിൽ ഇല്ലാത്തതോ മഴയുള്ളതോ ആയ ദിവസങ്ങളിൽ, ബാറ്ററി കാലിയായാൽപോലും, ഉൽപന്നം സ്വമേധയാ വൈദ്യുതിയിലേക്കു മാറുന്നു.
ഈ അടുപ്പ് പുകയില്ലാത്തതും കാർബൺ മോണോക്സൈഡ് ഉൽപാദിപ്പിക്കാത്തതുമാണ്. 'സ്മാർട്ട് സോളാർ സ്റ്റൗ' ഉപയോഗിക്കുന്നതിലൂടെ ഓരോ കുടുംബത്തിനും പ്രതിവർഷം ഏകദേശം 12,000 രൂപ ലാഭിക്കാനാവും. സ്റ്റൗവിന്റെ ടച്ച് പാഡ് ഇൻഡക്ഷൻ കുക്കറിന് സമാനമാണ്. എന്നാൽ, റേഡിയേഷൻ തീരെയില്ല. അതിനാൽ, പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും ഈ അടുപ്പ് സുരക്ഷിതമായി ഉപയോഗിക്കാം. കേന്ദ്ര ഗവ. ബയോടെക്‌നോളജി വകുപ്പാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്.
എൻ.ഐ.ടി കാലിക്കറ്റിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് ചെയർമാൻ പ്രഫ. എസ്. അശോകാണ് പ്രോജക്ടിന്റെ മെൻറർ. 'സ്മാർട്ട് സോളാർ സ്റ്റൗവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറുന്നതിന് നിരവധി വ്യവസായ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചതായി പ്രഫ. അശോക് പറഞ്ഞു. ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ എൻ.ഐ.ടി കാമ്പസിൽ ഉൽപന്നം പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.