ക്രോംബുക് യൂസർമാരാണോ...? മൈക്രോസോഫ്റ്റ് ഓഫിസ് ആപ് ഇനിയില്ല...
text_fieldsവിൻഡോസ് ലാപ്ടോപ് പോലെയല്ല ക്രോംബുക്. ക്രോംബുക്കിൽ വിൻഡോസിന് പകരം ഗൂഗിളിന്‍റെ ഓപറേറ്റീവ് സിസ്റ്റമായ 'ക്രോം ഒ.എസ്' ആണ്. വിൻഡോസ് ലാപ്ടോപ് ആണെങ്കിൽ ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ എമുലേറ്റർ ആപ്പായ ബ്ലൂസ്റ്റാക്സ് പോലെയുള്ളവ വേണം. വിൻഡോസിൽ ഉപയോഗിക്കാവുന്ന എല്ലാ ആപ്പുകളും ക്രോംബുക്കിൽ ഉപയോഗിക്കാൻ കഴിയില്ല. സ്മാർട്ട്ഫോണിലെയും ടാബിലെയും പോലെ ആൻഡ്രോയിഡ് ആപ്പുകൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ക്രോംബുക്കിന്‍റെ നേട്ടം. അത്യാവശ്യം നെറ്റ് പരതലിനും ഓഫിസ് ജോലികൾക്കും ക്രോംബുക്ക് മതി.
അടുത്തമാസം മുതൽ ഇക്കാര്യത്തിൽ മാറ്റമുണ്ടാവുകയാണ്. നിലവിൽ ധാരാളം പേർ മൈക്രോസോഫ്റ്റ് ഓഫിസ് ആപ് ക്രോംബുക്കിൽ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. സെപ്റ്റംബർ 18 മുതൽ ഈ സൗജന്യം നിലക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രോംബുക്കുകളുടെ സ്ക്രീൻ 11.6 ഇഞ്ച് മുതൽ 17 ഇഞ്ച് വരെ വലിപ്പമുള്ളതാണ്. ഈ വലിയ സ്ക്രീനിനുവേണ്ടി മാത്രമായി ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ മൈക്രോസോഫ്റ്റിന് താൽപര്യമില്ലാത്തതാണ് കാരണം. വിൻഡോസ് ലാപ്ടോപ് ആണെങ്കിൽ ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിക്കാൻ എമുലേറ്റർ സോഫ്റ്റ്വെയറായ ബ്ലൂസ്റ്റാക്സ് പോലെയുള്ളവ വേണം.
ഇനി വെബ് ആപുകൾ
മൈക്രോസോഫ്റ്റ് ക്രോംബുക്കിനുള്ള ഓഫിസ് ആപ്ലിക്കേഷനെ പിന്തുണയ്‌ക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ഇല്ല എന്ന സന്ദേശമാണ് പല ക്രോംബുക്ക് ഉപയോക്താക്കൾക്കും ലഭിച്ചത്. ഇനി ഓഫിസ് ആപ് വേണ്ടവർ Office.comൽ കയറി വെബ് ആപ്പുകൾ ഉപയോഗിക്കണം. വേർഡ്, എക്സൽ, പവർ പോയന്‍റ്, വൺനോട്ട്, ഔട്ലുക്ക്, ടീംസ് എന്നിവയെല്ലാം വെബിൽ ലഭിക്കുമെങ്കിലും കുറഞ്ഞ സൗകര്യമാണുള്ളത്. ക്രോംബുക്കുകളിലെ ഓഫിസ് ഉപയോക്താക്കളെ വെബിലേക്ക് നീക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതായി ജൂണിൽ തന്നെ റിപ്പോർട്ടു ഉണ്ടായിരുന്നു.
ഓഫ്‌ലൈനിൽ പ്രവർത്തിക്കില്ല
സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ഡോക്യുമെന്‍റുകൾ സൗജന്യമായി എഡിറ്റ് ചെയ്യാനും തയാറാക്കാനും കഴിയും. ടാബ്ലറ്റുകളിലും ഈ സേവനം സൗജന്യമാണ്. എന്നാൽ സ്ക്രീൻ വലിപ്പം 10.1 ഇഞ്ചിൽ കൂടുതലായാൽ ഫയലുകൾ എഡിറ്റ് ചെയ്യുക എളുപ്പമല്ല. മൈക്രോസോഫ്റ്റ് 365 വരിക്കാരനാകുകയേ രക്ഷയുള്ളൂ. പ്രശ്നം ഇതല്ല. മൈക്രോസോഫ്റ്റ് 365 വരിസംഖ്യ അടച്ചാലും ഗൂഗിൾ ക്രോമിൽ വെബ് ആപ്പായി സേവനം ഉപയോഗിക്കേണ്ടിവരും, ഇത് യഥാർഥ ആപ്പ് ഉപയോഗിക്കുന്ന അതേ അനുഭവമല്ല നൽകുക. നെറ്റ് കണക്ഷനില്ലാതെ ഓഫ്‌ലൈനിൽ ഫയലുകൾ എടുക്കാൻ കഴിയില്ല. അതേസമയം, ഓഫിസ് സ്യൂട്ടിന്‍റെ വെബ് ആപ്പ് പതിപ്പ് മൊബൈൽ ആപ്പിന് തുല്യമാക്കാൻ കൂടുതൽ സവിശേഷതകൾ ചേർക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.