'റഷ്യക്കാർക്ക് ഇനിമുതൽ ഐഫോണില്ല'..? ഓൺലൈൻ വിൽപ്പന നിർത്തി ആപ്പിൾ
text_fieldsറഷ്യ യുക്രെയ്നിൽ നടത്തുന്ന ഏകപക്ഷീയ അധിനിവേശം ഒരാഴ്ച പിന്നിടവേ, ആപ്പിൾ അടക്കമുള്ള വമ്പൻ കമ്പനികൾ റഷ്യക്കെതിരെ കടുത്ത നടപടികളുമായി രംഗത്തെത്തുകയാണ്. ഐഫോണുകളും ഐപാഡുമടക്കമുള്ള ഹാർഡ് വെയർ ഉത്പന്നങ്ങളുടെ വിൽപ്പന റഷ്യയിൽ ആപ്പിൾ താൽക്കാലികമായി നിർത്തിവെച്ചു. റഷ്യൻ അധിനിവേശത്തിൽ "അഗാധമായ ഉത്കണ്ഠ" ഉണ്ടെന്നും "അക്രമത്തിന്റെ ഫലമായി കഷ്ടപ്പെടുന്നവർ"ക്കൊപ്പം നിലകൊള്ളുന്നുവെന്നും ടെക് ഭീമൻ പ്രതികരിച്ചു.
യുക്രെയ്ൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആപ്പിളിന്റെ നടപടി. നേരത്തെ ആപ്പിൾ പേ റഷ്യയിൽ നിരോധിച്ചിരുന്നു. അതോടൊപ്പം റഷ്യൻ ആപ്പുകൾ റഷ്യക്ക് പുറത്ത് നിരോധിച്ചുകൊണ്ടും ആപ്പിൾ യുക്രെയ്ന് പിന്തുണയറിയിച്ചു. അതിനിടെ ആപ്പിൾ മാപ്സിൽ നിന്ന് യുക്രെയ്നിലെ ലൈവ് ട്രാഫിക് സേവനവും കമ്പനി പ്രവർത്തനരഹിതമാക്കിയിരുന്നു. "യുക്രേനിയൻ പൗരന്മാർക്കുള്ള സുരക്ഷയും മുൻകരുതൽ നടപടിയും" എന്ന നിലയിൽ രാജ്യത്തെ ആപ്പിൾ മാപ്പിലെ ട്രാഫിക്കും ലൈവ് ഫീച്ചറുകളും പ്രവർത്തനരഹിതമാക്കിയതായി ആപ്പിൾ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
പ്രമുഖ സ്പോർട്സ് ഉത്പന്ന നിർമാതാക്കളായ നൈക്കിയും അവരുടെ പ്രൊഡക്ടുകളുടെ ഓൺലൈൻ വിൽപ്പന റഷ്യയില നിരോധിച്ചിട്ടുണ്ട്. റഷ്യയിലെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നത് ഉറപ്പുനൽകാൻ കഴിയാത്തതിനാൽ നൈക്ക് ഓൺലൈൻ ഓർഡറുകൾ നിർത്തുകയാണെന്ന് ഒരു സന്ദേശത്തിലൂടെ നൈക്കി അറിയിച്ചു. എന്നിരുന്നാലും, ഉപഭോക്താക്കളോട് അടുത്തുള്ള നൈക്കി സ്റ്റോറുകളിലേക്ക് പോകാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഗൂഗിൾ, മെറ്റ, നെറ്റ്ഫ്ലിക്സ്, ഒപ്പം കാർ നിർമാതാക്കളായ ഫോർഡ് അടക്കമുള്ള അമേരിക്കൻ കമ്പനികളും അവരുടെ സേവനങ്ങൾ റഷ്യയിൽ നിയന്ത്രിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഉക്രേനിയന്‍ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് ആപ്പിൾ സി.ഇ.ഒ ടിം കുക്കിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. റഷ്യയിൽ ആപ്പിളിന്റെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.