വോളിയം, പവർ ബട്ടണുകളില്ല; ഐഫോൺ 15 പ്രോ വരുന്നത് വമ്പൻ മാറ്റങ്ങളുമായി
text_fieldsഐഫോൺ 14 സീരീസ് വിപണിയിലെത്തിയിട്ട് അധിക കാലമായിട്ടില്ല, എങ്കിലും ടെക് ലോകത്ത് ഐഫോൺ 15 സീരീസിനെ കുറിച്ചുള്ള ഓരോ റിപ്പോർട്ടുകളും വലിയ ഓളമാണ് സൃഷ്ടിക്കുന്നത്. കാരണം, വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്ന ഐഫോണിൽ ആപ്പിൾ വരുത്താൻ പോകുന്നത്. അവയിൽ ചിലത് ഇപ്പോൾ ലീക്കായിരിക്കുകയാണ്.
ആപ്പിൾ ആദ്യമായി ഐഫോണിൽ ഫിസിക്കൽ ബട്ടണുകൾ ഒഴിവാക്കാൻ പോവുകയാണ്. ഇത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഐഫോൺ 15 പ്രോ വിശേഷം. ശബ്ദം കൂട്ടാനും കുറയ്ക്കാനുമുള്ള ബട്ടണുകളും പവർ ബട്ടണും ഇല്ലാതെയാകും ഐഫോൺ 15 സീരീസ് എത്തുകയെന്ന് പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകളിലാകും പുതിയ മാറ്റമുണ്ടാവുക. വശങ്ങളിലായി ഉയർന്നുനിൽക്കുന്ന ഫിസിക്കൽ / മെക്കാനിക്കൽ, വോള്യം + പവർ ബട്ടണുകൾ അപ്രത്യക്ഷമാകും, പകരം, അവിടെ ബട്ടൺ അമർത്തുന്ന അനുഭവം നൽകുന്ന രീതിയിൽ വൈബ്രേഷൻ സജ്ജീകരിക്കും. വശങ്ങളിൽ അമർത്തുമ്പോൾ ഫീഡ്‌ബാക്ക് ലഭിക്കുന്നതിന് ഐഫോൺ 15 പ്രോ മോഡലുകളുടെ ഇടത്തും വലത്തും മൂന്ന് ടാപ്‌റ്റിക് എഞ്ചിനുകൾ നൽകിയേക്കും.
ഐഫോൺ 7-ലും ഐഫോൺ 8-ലുമൊക്കെയുള്ള ഹോം ബട്ടണുകൾ (ടച്ച് ഐഡി) പ്രവർത്തിക്കുന്ന രീതിയിലാകും ഐഫോൺ 15 പ്രോ മോഡലുകളുടെ വോള്യം ബട്ടണുകളും പവർ ബട്ടണും പ്രവർത്തിക്കുക.
അതേസമയം, കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഈ പുതിയ ഫിസിക്കൽ ബട്ടൺ-ലെസ് ഡിസൈൻ ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കളും കോപ്പിയടിക്കുമെന്ന് മിങ് ചി കുവോ പറയുന്നു.
കൂടുതൽ റാം
ഇതിനുപുറമെ, 2023 ഐഫോണുകൾക്ക് ശക്തി പകരുന്ന അടുത്ത തലമുറ A17 ബയോണിക് ചിപ്‌സെറ്റിന്റെ പ്രകടനവുമായി പൊരുത്തപ്പെടുന്നതിനായി ഐഫോൺ 15 പ്രോ മോഡലുകൾ 8GB റാമുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ക്യാമറ നവീകരണങ്ങളും വന്നേക്കാം. ഐഫോൺ 15 ലൈനപ്പിന് യുഎസ്ബി-സി ചാർജിങ് പോർട്ടും വരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.