60 വർഷത്തിന് ശേഷം ‘ലോഗോ’ മാറ്റി നോകിയ; ഇനി പുതിയ കളികൾ
text_fields60 വർഷങ്ങൾക്ക് ശേഷം ആദ്യമായി തങ്ങളുടെ ഐകോണിക് ലോഗോയിൽ മാറ്റം വരുത്തി നോകിയ (NOKIA ). വെളുത്ത സ്ക്രീനിൽ നീലനിറത്തിൽ തെളിഞ്ഞുവരുന്ന ‘നോകിയ’ ബ്രാൻഡിങ് ഒരു കാലഘട്ടത്തെ തന്നെ പ്രതിനിധീകരിക്കുന്ന അടയാളമാണ്. എന്നാൽ, ഇനി മുതൽ ആ ലോഗോ ഇല്ല. അടിമുടി മാറ്റം വരുത്തിയ പുതിയ ലോഗോ അവതരിപ്പിച്ചതിന് പിന്നിൽ ഒരു കാരണവുമുണ്ട്.
നോക്കിയയുടെ അപ്‌ഡേറ്റ് ചെയ്‌ത ലോഗോയിൽ വ്യത്യസ്‌ത രൂപങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച NOKIA എന്ന വാക്കാണ് കാണാൻ കഴിയുക. കൂടാതെ പഴയ ലോഗോയുടെ നീല നിറം ഒഴിവാക്കി നിരവധി നിറങ്ങളാണ് പുതിയ ലോഗോയിൽ ചേർത്തിരിക്കുന്നത്. പ്രത്യേക കളർ സ്കീമില്ലാതെ സാഹചര്യങ്ങൾക്കനുസരിച്ച് ഉചിതമായ കളർ ലോഗോയിൽ നൽകാനാണ് നോകിയ പദ്ധതിയിട്ടിരിക്കുന്നത്.
നോക്കിയയുടെ ടെലികോം ഉപകരണ വിഭാഗത്തെ ഏറ്റെടുത്തതിന് ശേഷം പെക്ക ലൻഡ്‌മാർക്ക് (Pekka Lundmark) കമ്പനിയുടെ സ്ട്രാറ്റജിയിൽ വരുത്തുന്ന മാറ്റത്തിന്റെ സൂചനയാണ് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ ലോഗോ മാറ്റം. ‘നോക്കിയ ഇനി ഒരു സ്‌മാർട്ട്‌ഫോൺ കമ്പനി മാത്രമല്ല, ഒരു "ബിസിനസ് ടെക്‌നോളജി കമ്പനി"യാണെന്നാണ് ലോഗോ മാറ്റത്തിന്റെ വിശദീകരണമായി പെക്ക ലാൻഡ്മാർക്ക് പ്രതികരിച്ചത്.
ടെലികോം ഉപകരണങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനൊപ്പം, നോക്കിയ മറ്റ് ബിസിനസുകൾക്ക് ഉപകരണങ്ങൾ വിൽക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണ്. അതിൽ, സ്വകാര്യ 5G നെറ്റ്‌വർക്കുകളും ഓട്ടോമേറ്റഡ് ഫാക്ടറികൾക്കുള്ള ഉപകരണങ്ങളും ഉൾപ്പെടുന്നു. അതിലൂടെ ഈ രംഗത്ത് മൈക്രോസോഫ്റ്റിനും ആമസോണിനും ഒരു എതിരാളിയായി തങ്ങൾക്ക് മാറാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നോകിയയെ മറ്റ് മേഖലകളിലേക്ക് വികസിപ്പിക്കാനും വളർത്താനും ഉദ്ദേശിക്കുന്നതായി ലാൻഡ്മാർക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.