ഫാൻസിനെ നിരാശരാക്കുന്ന നീക്കവുമായി ആപ്പിൾ; ഇനി ലേറ്റസ്റ്റ് ചിപ്സെറ്റ് ഐഫോൺ പ്രോ മോഡലുകളിൽ മാത്രം
text_fieldsഐഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ ആപ്പിൾ ഫാൻസിനുള്ള ഒരു വിശ്വാസമുണ്ട്. ഇറങ്ങുന്ന ഫോണുകളിൽ ഏറ്റവും വില കുറഞ്ഞ മോഡലിൽ പോലും പെർഫോമൻസ് ഒരു സംഭവമായിരിക്കും. കാരണം, പ്രോ മോഡലുകളിൽ ഉൾപ്പെടുത്തുന്ന അതേ ചിപ്സെറ്റ് തന്നെ ആയിരിക്കും എല്ലാ വകഭേദങ്ങളിലുമുണ്ടാവുക. എന്നാൽ, ഇനിയങ്ങോട്ട് അത് പ്രതീക്ഷിക്കണ്ട...! കാര്യമായ രൂപമാറ്റത്തോടെ, അവതരിപ്പിക്കാൻ പോകുന്ന ഐഫോൺ 14 സീരീസിലൂടെ ആപ്പിൾ പുതിയൊരു മാറ്റത്തിന് തുടക്കമിടാൻ പോവുകയാണ്.
ഐഫോൺ 14 പ്രോ മോഡലുകൾക്ക് മാത്രമായിരിക്കും ഏറ്റവും പുതിയ എ16 ബയോണിക് ചിപ്സെറ്റ് കരുത്ത് പകരുക. അല്ലാത്ത മോഡലുകളി ഐഫോൺ 13 സീരീസിനൊപ്പമെത്തിയ എ15 ബയോണിക് ചിപ്സെറ്റും ഉൾപെടുത്തും. ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ ആണ് ഫാൻസിനെ നിരാശരാക്കുന്ന പുതിയ റിപ്പോർട്ടുമായി എത്തിയത്.
14 സീരീസിൽ ഐഫോൺ 14, 14 മാക്‌സ്, 14 പ്രോ, 14 പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ ആപ്പിൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇതിൽ 14 പ്രോ, 14 പ്രോ മാക്‌സ് എന്നീ മോഡലുകളിൽ മാത്രമായിരിക്കും പുതിയ എ16 ചിപ്സെറ്റുണ്ടാവുക. ആഗോളതലത്തിൽ കമ്പനികൾ നേരിടുന്ന ചിപ്പ് ക്ഷാമം മൂലമാണ് ആപ്പിൾ ഈ തീരുമാനത്തിലെത്തിയതെന്നാണ് പലരും കരുതുന്നതെങ്കിലും, ഇത് അവരുടെ പുതിയ ബിസിനസ്സ് തന്ത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന.
ഐഫോൺ 14 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ വിൽപ്പന കൂട്ടുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ നീക്കമെന്ന് കുവോയുടെ റിപ്പോർട്ട് പറയുന്നു. 48 മെഗാപിക്സൽ പ്രധാന കാമറയും മുന്നിൽ നോച്ച് ഒഴിവാക്കിയുള്ള പഞ്ച് ഹോൾ + പിൽ ഡിസൈനുമൊക്കെയായി വലിയാ മാറ്റത്തോടെയാണ് പ്രോ മോഡലുകൾ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.