ഇനി ചന്ദ്രയാൻ നാല് ദൗത്യം, പദ്ധതിയുമായി ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനുശേഷം ചന്ദ്രനിൽ നിന്ന് സാമ്പ്ളുകൾ ഭൂമിയിൽ എത്തിക്കാനുള്ള സുപ്രധാനമായ ‘ചന്ദ്രയാൻ നാല്’ ദൗത്യത്തിനുള്ള പദ്ധതിയുമായി ഇന്ത്യ. ഇന്ത്യൻ ട്രോപ്പിക്കൽ മെറ്റീരിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പ്രഭാഷണത്തിൽ ഐ.എസ്.ആർ.ഒയുടെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് ഭൂമിയിലേക്ക് സാമ്പ്ളുകൾ എത്തിക്കാൻ കഴിഞ്ഞാൽ മാത്രമായിരിക്കും പുതിയ ദൗത്യം വിജയകരമാകുക.
ദൗത്യത്തിനുശേഷം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ പേടകം രണ്ട് ഭാഗങ്ങളായി മാറും. ഒന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും. ഒരു ഭാഗം ഭൂമിയെ വലംവെക്കുകയും ചെയ്യും. ഐ.എസ്.ആർ.ഒ ഏറെ പ്രതീക്ഷയോടെ കാണുന്ന ദൗത്യമാണ് ഇതെന്നും അടുത്ത അഞ്ചോ ഏഴോ വർഷങ്ങൾക്കുള്ളിൽ ഇത് സാധ്യമാകുമെന്നും നിലേഷ് ദേശായി പറഞ്ഞു.
ചന്ദ്രയാൻ മൂന്നിനെ അപേക്ഷിച്ച് ഏറെ സങ്കീർണത നിറഞ്ഞതായിരിക്കും നാല്. പേടകത്തിന്റെ ഭാരമായിരിക്കും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ചന്ദ്രയാൻ മൂന്ന് റോവറിന്റെ ഭാരം 30 കിലോഗ്രാം ആയിരുന്നു. എന്നാൽ നാലിൽ ഇതിന്റെ ഭാരം 350 കിലോഗ്രാം ആയിരിക്കും. ഇത്രയും ഭാരമുള്ള റോവർ ആയിരിക്കും ചന്ദ്രനിൽ ഇറങ്ങുക. ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ലാത്ത ചന്ദ്രന്റെ വശത്തോടുചേർന്ന ഭാഗത്തായിരിക്കും ചന്ദ്രയാൻ നാല് ഇറങ്ങുക. ഇതിനാൽ സോഫ്റ്റ് ലാൻഡിങ്ങും കൂടുതൽ ശ്രമകരമായിരിക്കും. ഏറെ വെല്ലുവിളി നിറഞ്ഞ ഈ ദൗത്യത്തിന് രണ്ട് ശക്തിയേറിയ റോക്കറ്റുകൾ വേണ്ടിവരും. ചന്ദ്രനിൽനിന്ന് സാമ്പ്ളുകളുമായി വരുന്ന പേടകത്തെ തിരിച്ചെത്തിക്കുന്നതിന് കൂടിയാണിത്.
അതേസമയം, പുതിയ ദൗത്യം സംബന്ധിച്ച് ഐ.എസ്.ആർ.ഒ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. നിലവിൽ ജപ്പാന്റെ ബഹിരാകാശ കേന്ദ്രമായ ജപ്പാൻ എയ്റോ സ്പേസ് എക്സ്െപ്ലാറേഷൻ ഏജൻസിയുമായി സഹകരിച്ചുള്ള ‘ലുപെക്സ്’ ചാന്ദ്രദൗത്യത്തിൽ പ്രവർത്തിക്കുകയാണ് ഐ.എസ്.ആർ.ഒ. ചന്ദ്രന്റെ ഇരുണ്ട ഭാഗങ്ങളെ പറ്റിയുള്ള പഠനമാണ് ഇതിന്റെ ലക്ഷ്യം.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് പേടകം വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23നാണ് റോവർ ഉൾപ്പെടുന്ന ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി ദൗത്യം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.