2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടിന് ചാർജ് ഈടാക്കുമോ...? വിശദീകരണവുമായി എൻ.പി.സി.ഐ
text_fieldsന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ യു.പി.ഐ ഇടപാടുകൾക്ക് 1.1 ശതമാനം ഫീസ് നൽകേണ്ടി വരുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ ആശങ്കയോടെ ഉന്നയിച്ച ചോദ്യമാണ് ഇത്. എന്നാൽ, ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും സാധാരണ ഇടപാടുകൾ തുടർന്നും സൗജന്യമായിരിക്കുമെന്നും വിശദീകരിച്ച് നാഷനൽ പേമെൻറ് കോർപറേഷൻ (എൻ.പി.സി.ഐ) രംഗത്തെത്തി.
ഡിജിറ്റൽ വാലറ്റ് ഉൾപ്പെടെയുള്ള പ്രീപെയ്ഡ് പെയ്മെന്റ് ഇൻസ്ട്രുമെന്റുകൾ (പി.പി.ഐ) മുഖേന യു.പി.ഐ ഇടപാടുകൾ നടത്തുന്നതിന് 1.1 ശതമാനം ഫീസ് നൽകണമെന്ന എൻ.പി.സി.ഐയുടെ കഴിഞ്ഞ ദിവസത്തെ സർക്കുലറാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
പേടിഎം. വാലറ്റ്, ഫോൺ പേ വാലറ്റ്, ആമസോൺ പേ വാലറ്റ് തുടങ്ങിയ ഡിജിറ്റൽ വാലറ്റുകൾ, സ്മാർട്ട് കാർഡുകൾ, വൗച്ചറുകൾ, കാന്തിക ചിപ്പുകൾ തുടങ്ങിയവയാണ് പി.പി.ഐ ഗണത്തിൽ വരുന്നത്. ഇവ ഉപയോഗിച്ച് യു.പി.ഐ ഇടപാടുകൾ നടത്താൻ ഇതുവരെ സാധിക്കുമായിരുന്നില്ല. ഇനി മുതൽ ഈ മാർഗങ്ങൾ ഉപയോഗിച്ചും യു.പി.ഐ ഇടപാടുകൾ അനുവദിക്കുകയാണ് എൻ.പി.സി.ഐ ചെയ്തത്.
എന്നാൽ ഉപഭോക്താവ് 2000 രൂപയിൽ കൂടുതൽ ഈ രീതിയിൽ നൽകുമ്പോൾ വ്യാപാരി 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് വാലറ്റ് സേവനം നൽകുന്ന സ്ഥാപനത്തിന് (ഉദാ: ഫോൺപേ, പേടിഎം, ആമസോൺ പേ) നൽകണം. പ്രതിമാസം 50,000 രൂപയിൽ താഴെ യു.പി.ഐ ഇടപാടുകൾ നടത്തുന്ന സ്ഥാപനമാണെങ്കിൽ ഈ ഫീസ് നൽകേണ്ടതില്ല. വാലറ്റുകളും കാർഡുകളും മുഖേന യു.പി.ഐ നടത്തുമ്പോൾ എല്ലാ ഇടപാടുകൾക്കും ഒരേ നിരക്കല്ല ഈടാക്കുന്നത്. ഇന്ധനം, വിദ്യാഭ്യാസം, കൃഷി, സേവന ബില്ലുകൾ എന്നിവക്ക് 0.5 ശതമാനമാണ് ഫീസ്.
റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ 1.1 ശതമാനവും നൽകണം. ചുരുക്കിപ്പറഞ്ഞാൽ, ക്രെഡിറ്റ് കാർഡുകൾക്ക് ബാധകമായ മർച്ചന്റ് ഡിസ്കൗണ്ട് നിരക്കിനോട് സാമ്യമുള്ളതാണ് ഇന്റർചേഞ്ച് ഫീസ്.
അതേസമയം, ബാങ്ക് അക്കൗണ്ടിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് യു.പി.ഐ മുഖേന പണമയക്കുമ്പോൾ ഫീസ് ഈടാക്കുന്നതല്ല. ഇതിനെ ‘നോർമൽ’ ഇടപാടുകൾ എന്നാണ് എൻ.പി.സി.ഐ വിശേഷിപ്പിക്കുന്നത്. നിലവിൽ 99.9 ശതമാനം യു.പി.ഐ ഇടപാടുകളും ബാങ്ക് അക്കൗണ്ടിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്കാണ് നടക്കുന്നത്.
പുതിയ പരിഷ്കാരത്തിലൂടെ വാലറ്റ് സേവനം നൽകുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കും. അതേസമയം, ഉപഭോക്താവ് ബാങ്ക് അക്കൗണ്ടിൽനിന്ന് ഡിജിറ്റൽ വാലറ്റിൽ 2000 രൂപയിൽ കുടുതൽ നിറക്കുമ്പോൾ വാലറ്റ് സേവനം നൽകുന്ന സ്ഥാപനം ബാങ്കിന് 0.15 ശതമാനം സർവിസ് ചാർജ് നൽകണം. ഇതുവഴി ബാങ്കുകൾക്കും കൂടുതൽ വരുമാനമുണ്ടാകും.
അതേസമയം, വ്യാപാരികൾ ഇന്റർചേഞ്ച് ഫീസിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് ക്രമേണ കൈമാറുമോ എന്ന സംശയവും സാമ്പത്തിക വിദഗ്ധർ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.