നിർമിത ബുദ്ധി ആഗോള ഉച്ചകോടിയിൽ നിരവധി ധാരണാ പത്രങ്ങൾ ഒപ്പിട്ടു
text_fieldsറിയാദ്: 'നിർമിത ബുദ്ധി മാനവരാശിയുടെ നന്മക്ക്' എന്ന സന്ദേശവുമായി റിയാദിൽ സംഘടിപ്പിച്ച ത്രിദിന ആഗോള ഉച്ചകോടിയുടെ കൊടിയിറങ്ങും മുമ്പ് രൂപപ്പെട്ടത് നിരവധി ധാരണാ പത്രങ്ങൾ. ആഗോള ഐ.ടി സ്ഥാപനങ്ങളും സാങ്കേതിക വിജ്ഞാന സംരഭങ്ങളുടെ മേധാവികളുമായി ധാരണാ പത്രങ്ങളിൽ ഒപ്പിടാൻ സൗദിയിലെ പ്രമുഖ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സർവകലാശാകൾക്കും സാധിച്ചത് ആതിഥേയ രാജ്യത്തിന് നേട്ടമായി. കിരീടാവകാശിയും ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷകർതൃത്വത്തിൽ റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലായിരുന്നു ഉച്ചകോടി.
ആഗോള സ്ഥാപന മേധാവികൾ, സാങ്കേതിക വിദഗ്ധർ, മന്ത്രിമാർ, ലോകപ്രസ്‌ത സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും അടക്കം നിരവധി പ്രതിനിധികളും ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. നടന്ന സെഷനുകളിൽ പലതും സാങ്കേതിക ജ്ഞാനം പകരുന്നതും വൈദഗ്ധ്യം പങ്കുവെക്കാനുള്ള സന്നദ്ധത വിളംബരം ചെയ്യുന്നതുമായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തി.
'വിഷൻ 2030'മായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ മുന്നിലുള്ള സാങ്കേതിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന നിലയിലാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടതെന്ന് പ്രഭാഷകർ പലരും അഭിപ്രായപ്പെട്ടു. സൗദി അറേബ്യൻ എയർലൈൻസ് അടക്കമുള്ള ദേശീയ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, കിങ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി അടക്കമുള്ള സ്ഥാപനങ്ങളും സാങ്കേതിക കലാശാലകളും ആഗോള സ്ഥാപങ്ങളുമായി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ലോകപ്രസ്‌ത സ്ഥാപനമായ 'ഇന്റലി'ന്റെ സൗദി ഡയറക്ടർ അഹ്‌മദ് അൽജബ്ബാറും കിങ് അബ്ദുല്ല യൂനിവേസിറ്റി ഫ്യൂച്ചർ ഇക്കോണമി വൈസ് പ്രസിഡന്റ് ഡോ. മറിയം നൂഹും അഞ്ചുവർഷ സഹകരണ കരാറിൽ ഒപ്പിട്ടു.
സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കാർഷിക മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്. കൃഷി ഡെപ്യൂട്ടി മന്ത്രി എൻജി. മൻസൂർ ബിൻ ഹിലാൽ അൽ-മുശൈത്തിയും ടാറ്റ കൺസൾട്ടിങ് സർവിസസ് സൗദി റീജനൽ ഡയറക്ടർ സുധീർ ശ്രീധരനുമാണ് നാലുവർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കാർഷിക രംഗത്തെ അടിസ്ഥാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയുക്തമായ സാങ്കേതിക വിദ്യയിലുള്ള സഹകരണം പ്രായോഗിക കാർഷിക മാതൃകകൾ കണ്ടെത്താൻ രാജ്യത്തെ സഹായിക്കുമെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ഡയറക്ടർ ഡോ. അബ്ദുൽ ഹമീദ് അൽ-അലൈവി പ്രത്യാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.