ഇന്ത്യയിലെ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഫോണുകൾ പിൻവലിച്ചേക്കും; ഇതാണ് കാരണം
text_fieldsഇന്ത്യയിലെ ആയിരക്കണക്കിന് ഓഫ്‍ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഉത്പന്നങ്ങൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം മെയ് ഒന്ന് മുതൽ, പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 4,500 ബ്രിക്ക് ആൻഡ് മോർട്ടാർ സ്റ്റോറുകൾ വൺപ്ലസ് സ്മാർട്ട്‌ഫോണുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തും.
ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്നാണ് പ്രധാനമായും വൺപ്ലസ് ഫോണുകൾ പിൻവലിക്കുന്നത്. വൺപ്ലസിന്റെ കുറഞ്ഞ ലാഭ മാർജിനുകളിൽ ഓഫ് ലൈൻ സ്റ്റോർ പങ്കാളികൾ അതൃപ്തരാണെന്നാണ് റിപ്പോർട്ട്. അതിനെ തുടർന്നാണ് പിൻവലിക്കാനുള്ള തീരുമാനവുമായി സ്റ്റോറുകൾ മുന്നോട്ടുപോകുന്നത്.
മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ (ORA) വൺപ്ലസ് ടെക്‌നോളജി ഇന്ത്യയുടെ സെയിൽസ് ഡയറക്ടർ രഞ്ജീത് സിംഗിന് ഏപ്രിൽ 10 ന് തങ്ങളുടെ വിവിധ ആശങ്കകൾ ഉയർത്തിക്കാട്ടി പരാതി എഴുതിയിരുന്നു. അതിൽ പ്രധാനമായും പറയുന്നത് ലാഭ മാർജിനിലെ കുറവും വാറൻ്റി ക്ലെയിമുകളുടെ കാലതാമസവുമൊക്കെയാണ്.
വാറന്റി ക്ലെയിമുകളുടെ കാലതാമസവുമായി ബന്ധപ്പെട്ട് അനവധി പരാതികൾ വന്നിട്ടും അതിൽ പരിഹാരം കാണാത്ത വൺപ്ലസിനെ ഒആർഎ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഇതുവരെ കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഒന്നും ഉണ്ടായില്ല. അതോടെയാണ് പ്രമുഖ റീടെയിൽ വിൽപന സ്റ്റോറുകളായ പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസുമൊക്കെ വൺപ്ലസ് വിൽപന നിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.