സൂക്ഷിക്കണം; ഓൺലൈൻ തട്ടിപ്പുകൾ
text_fieldsഓൺലൈൻ തട്ടിപ്പുകൾ ലോകത്താകമാനം വ്യാപകമാകുന്ന സാഹചര്യമാണുള്ളത്. ചെറിയ അശ്രദ്ധതന്നെ വലിയ നഷ്ടത്തിന് കാരണമാകുന്നുണ്ട്. പലരുടെയും ലക്ഷങ്ങളാണ് ഒരു നിമിഷത്തെ അശ്രദ്ധയിൽ നഷ്ടമാകുന്നത്. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ ഉപയോഗപ്പെടുത്തുന്നവരിൽ പത്തിൽ നാലുപേരും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യു.എ.ഇയിൽ ഓൺലൈൻ തട്ടിപ്പിനെതിരെ അധികൃതർ ബോധവൽകരണം ശക്തമാക്കിയിട്ടുണ്ട്. പണം നഷ്ടപ്പെടുന്ന പരാതികൾ ഓരോ ദിവസവും കൂടിവരുന്നുണ്ട്. എന്നാൽ വിദേശങ്ങളിൽ നിന്നും മറ്റും നിയന്ത്രിക്കുന്ന തട്ടിപ്പു സംഘങ്ങളായതിനാൽ പണം തിരിച്ചുകിട്ടുന്നത് അപൂർവമാണ്. ഈ സാഹചര്യത്തിൽ ജാഗ്രത വർധിപ്പിക്കാനാണ് പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവൽകരണവുമായി രംഗത്തെത്തിയത്.
യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലെയും പൊലീസ് വകുപ്പുകൾ ഇക്കാര്യത്തിൽ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കുന്നവരോട് വെളിപ്പെടുത്തരുതെന്നതാണ് പൊലീസ് നൽകുന്ന പ്രധാന നിർദേശം. ഇത്തരം വിവരങ്ങള്‍ അധികാരികൾ ഒരിക്കലും ആവശ്യപ്പെടില്ല. വ്യക്തിഗത വിവരങ്ങൾ നേടുന്നതിനും അവരുടെ പണം തട്ടിയെടുക്കുന്നതിനുമായി തട്ടിപ്പുസംഘം ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് ഉപഭോക്താക്കളെ സമീപിക്കുന്നത്. എത്ര വിശ്വസ്തത തോന്നുന്ന മെസേജുകളാണെങ്കിലും ഫോണിലൂടെ മാത്രമായി ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകാതിരിക്കലാണ് നല്ലത്.
സാമൂഹിക മാധ്യമങ്ങഴിൽ അക്കൗണ്ട് ഉള്ളവരെ കെണിയിൽ പെടുത്താൻ പല വഴികളും തട്ടിപ്പുകാർ പരീക്ഷിക്കാറുണ്ട്. അതിനാൽ കോവിഡ് കാലത്ത് പൊതുവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതുപോലെ സമൂഹമാധ്യമങ്ങളിലും ചിലതരം അകലം പാലിക്കലുകൾ നല്ലതാണ്. അടുത്തിടെയായി തട്ടിപ്പുകളുടെ പെരുമഴയാണ് ഫേസ്ബുക്കിൽ. പ്രൊഫൈൽ ചിത്രം കോപ്പിയടിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കി ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളിൽനിന്ന് പണം പിടുങ്ങുന്ന വിരുതന്മാരും ഏറെയാണ്. സഹായമനസ്സുള്ളവർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് സഹായ അപേക്ഷ എത്തുന്നത് എന്നതിനാൽ മെസഞ്ചറിൽ സന്ദേശം കാണുമ്പോൾ നന്നായി പരിശോധിച്ച് മാത്രം മറുപടി നൽകാനും അധികൃതർ നിർദേശിക്കുന്നു.
4 കാര്യങ്ങൾ ശ്രദ്ധിക്കുക
വ്യക്തിപരമായ വിവരങ്ങൾ ആർക്കും നൽകാതിരിക്കുക. വിവരങ്ങൾ ചോദിച്ച് ഒരിക്കലും സർക്കാർ സംവിധാനങ്ങളോ പൊലീസോ ബാങ്കുകളോ ആരെയും ബന്ധപ്പെടില്ല. അതിനാൽ അത്തരം കാര്യങ്ങൾ ചോദിച്ചു വരുന്ന ഫോൺകോളുകളും മെസേജുകളും സൂക്ഷിക്കുക. ആവശ്യമെങ്കിൽ അത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക. ബാങ്ക് വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്താതിരിക്കുക. ബാങ്ക് വിവരങ്ങളായ ഒ.ടി.പി, സി.സി.വി കോഡ്, കാർഡ് എക്സ്പെയറി ഡേറ്റ് എന്നിവ ഒരാൾക്കും കൈമാറരുത്. ഓഫറുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക. വലിയ പണമോ സമ്മാനമോ ലഭിച്ചുവെന്ന പേരിൽ വരുന്ന ഓഫർ മെസേജുകൾ മിക്കപ്പോഴും തട്ടിപ്പായിരിക്കും. തട്ടിപ്പിനിരയായാൽ ബാങ്കിന് ഔദ്യോഗികമായി പരാതി നൽകുക, പൊലീസിൽ റിപ്പോർട്ട് ചെയ്യുക, യു.എ.ഇ സെൻട്രൽ ബാങ്കിന്‍റെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് പരാതി നൽകുക എന്നീ മൂന്നു കാര്യങ്ങൾ ചെയ്യുക. ദുബൈയിലാണെങ്കിൽ eCrime.ae എന്ന വെബ്സൈറ്റിലൂടെയോ ദുബൈ പൊലീസിന്‍റെ ഇ-ക്രൈം ആപ്പിലൂടെയോ അടുത്തുള്ള സ്മാർട് പൊലീസ് സ്റ്റേഷൻ വഴിയോ 901നമ്പറിലോ റിപ്പോർട്ട് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.