'എയർടെലി'ൽ നിന്ന് വിളി, 10 രൂപ അടച്ചു; മുൻസൈനികന്‍റെ 4.34 ലക്ഷം രൂപ തട്ടി
text_fieldsചണ്ഡീഗഡ്: എയർടെൽ കസ്റ്റമർ കെയറിൽനിന്ന് എന്ന വ്യാജേന ഫോൺ വിളിച്ച ഓൺലൈൻ തട്ടിപ്പ് സംഘം മുൻ സൈനികന്‍റെ 4.34 ലക്ഷം തട്ടിയെടുത്തു. ചണ്ഡീഗഢിലെ 83 കാരനാണ് സൈബർ തട്ടിപ്പിന് ഇരയായത്.
മൊബൈൽ സിം കാർഡിന്‍റെ സേവനം തുടർന്നും ലഭിക്കണമെങ്കിൽ ഉപഭോക്താവിന്‍റെ വിവരങ്ങൾ (കെ.വൈ.സി) അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ജഗ്ബീർ സിങ് ധില്ലൻ (83) എന്ന മുൻ ബി.എസ്.എഫ് കമാൻഡന്റിനെ തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലാണ് തട്ടിപ്പ് നടന്നത്.
കെ.വൈ.സി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം ധില്ലന്‍റെ മൊബൈൽ ഫോണിൽ ഒരു എസ്.എം.എസ് ലഭിച്ചിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ സിം സസ്പെൻഡ് ചെയ്യുമെന്ന് വ്യക്തമാക്കിയ സന്ദേശത്തിൽ, സഹായത്തിന് വിളിക്കാൻ കസ്റ്റമർ കെയർ നമ്പറും നൽകിയിരുന്നു. എന്നാൽ, ഈ എസ്.എം.എസ് തട്ടിപ്പാകുമെന്ന് കരുതി ധില്ലൻ അവഗണിച്ചു.
അടുത്ത ദിവസം എയർടെല്ലിന്‍റെ എക്‌സിക്യൂട്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ ഫോൺ വിളിച്ചു. ധില്ലനോട് മൊബൈലിൽ എനി ഡെസ്ക് (any desk) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ അയാൾ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡ് ചെയ്‌ത ശേഷം, ഡെബിറ്റ് കാർഡ് വഴി 10 രൂപ സർവിസ് ചാർജ് അടയ്ക്കാൻ 'എക്‌സിക്യൂട്ടീവ്' ധില്ലനോട് പറഞ്ഞു. പറഞ്ഞതു പോലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകി. എന്നാൽ, പണം നൽകിയത് വിജയിച്ചില്ലെന്നും മറ്റൊരു ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകണമെന്നും വിളിച്ചയാൾ ആവശ്യപ്പെട്ടു.
അതോടെ ധില്ലൻ മകന്‍റെ സഹായം തേടി. മകന്‍റെ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് 10 രൂപ നൽകി. പിന്നാലെ അക്കൗണ്ടിൽ നിന്ന് 9,000 രൂപ നഷ്ടമായി. ഫെബ്രുവരി ഒന്നിന് വീണ്ടും ഒരു കോൾ ലഭിച്ചു. ബാങ്കിലെ ജീവനക്കാരനാണെന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ഇയാൾ വാട്‌സ്ആപ്പ് വഴി എസ്.ബി.ഐ ക്വിക്ക് സപ്പോർട്ട് എന്ന ഫയൽ അയച്ചു. ധില്ലൻ അത് ഫോണിൽ ഡൗൺലോഡ് ചെയ്തു.
സംശയം തോന്നിയ ഇവർ അന്നുതന്നെ ബാങ്കിലെത്തി പരിശോധിച്ചപ്പോൾ രണ്ട് തവണയായി രണ്ട് ലക്ഷം രൂപയും 2.25 ലക്ഷം രൂപയും അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്തതായി കണ്ടെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചണ്ഡീഗഡിലെ സെക്ടർ 36 പൊലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 419, 420, 120-B വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.