ഓൺലൈൻ തട്ടിപ്പ്; പാനൂർ മേഖലയിൽ നിരവധി പേർക്ക് പണം നഷ്ടമായി
text_fieldsപെരിങ്ങത്തൂർ: സമ്പാദ്യം ഇരട്ടിപ്പിക്കാൻ വിദേശ ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് വൻ നഷ്ടം. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച എം.ടി.എഫ്.ഇ എന്ന പേരിലുള്ള ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. കമ്പനിയുടെ സൈറ്റ് കഴിഞ്ഞ ആഴ്ച പൂർണമായും നിലച്ചതോടെ ഓൺലൈൻ വ്യാപാര സേവനദാതാവെന്ന് അവകാശപ്പെടുന്ന മെറ്റാവേഴ്സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രൂപ്പാണ് നിക്ഷേപകരുടെ പണവുമായി മുങ്ങിയത്.
ഇതോടെ പെരിങ്ങത്തൂർ, ചൊക്ലി, പാനൂർ മേഖലയിലെ ഇരുനൂറിലധികം പേരാണ് കബളിപ്പിക്കപ്പെട്ടത്. പാനൂർ തൃപങ്ങോട്ടൂർ, ചൊക്ലി, പെരിങ്ങത്തൂർ, കരിയാട് പ്രദേശത്തെ ഉന്നത രാഷ്ട്രീയ നേതാക്കളും പ്രവാസികളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ലക്ഷങ്ങൾ ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, പണം നഷ്ടമായവർക്ക് കഴിഞ്ഞ ദിവസം മുതൽ 24 മണിക്കൂറിനുള്ളിൽ കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കമ്പനി അറിയിപ്പ് നൽകിത്തുടങ്ങിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പറയുന്നുണ്ട്. ഇരകൾ പരാതി നൽകുമോയെന്ന സംശയത്തിലാകാം ഇത്തരം അറിയിപ്പുകൾ വന്നുകൊണ്ടിരിക്കുന്നതെന്ന് നിക്ഷേപകരും സംശയിക്കുന്നു. ഇതോടെ നിക്ഷേപകർ പ്രതിസന്ധിയിലായി.
കഴിഞ്ഞ വർഷം മുതലാണ് 26 മുതൽ 50,001 ഡോളർ വരെ നിക്ഷേപിക്കാൻ കഴിയും വിധം എം.ടി.എഫ്.ഇയുടെ പ്രവർത്തനം തുടങ്ങിയത്. 5000, 20000,50000, 90000, 15 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപത്തിന്റെ സ്ലാബ്. ഓൺലൈൻ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിക്കുമ്പോൾ തുടക്കത്തിൽ ലാഭവിഹിതമായി ഇരട്ടിത്തുക ഡോളറായി അക്കൗണ്ടിൽ ലഭിക്കുന്നതായിരുന്നു പദ്ധതി. ഇങ്ങനെ ലഭിക്കുന്ന തുകയുടെ 60 ശതമാനം കമ്പനിക്കും 40 ശതമാനം ഉപഭോക്താവിനും ലഭിക്കുമെന്ന് പറഞ്ഞാണ് ആളുകളെ ചേർത്തിരുന്നത്. പെരിങ്ങത്തൂർ മേഖലയിൽ ഉൾപ്പെടെ ഇതിന് വാട്സ്ആപ് ഗ്രൂപ് തന്നെ പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ ചേർന്നവർക്ക് നല്ല ലാഭവിഹിതം ലഭിച്ചതോടെയാണ് കൂടുതലാളുകൾ പണം നിക്ഷേപിച്ചു തുടങ്ങിയത്. തുടക്കത്തിൽ തന്നെ നിക്ഷേപം പിൻവലിച്ചവർക്ക് തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനായി.
ലാഭവിഹിതം നല്ലരീതിയിൽ ലഭിച്ചതോടെയാണ് തുടക്കക്കാർ മറ്റുള്ളവരെ കൂടി ഇതിലേക്ക് ആകർഷിപ്പിച്ചത്. പൊലീസിൽ പരാതിപ്പെടാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് പണം നഷ്ടപ്പെട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.