ഓൺലൈൻ ജോലി തട്ടിപ്പ്; കണ്ണൂരിൽ യുവാവിന് നഷ്ടമായത് 89.5 ലക്ഷം
text_fieldsകണ്ണൂർ: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂരിൽ വീണ്ടും തട്ടിപ്പ്. പാർട്ട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന ടെലിഗ്രാം ആപ്പിലെ മെസേജ് കണ്ട് പണം നൽകിയ യുവാവിന് 89,54,000 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്.
ജില്ലയിൽ കഴിഞ്ഞദിവസം സമാന രീതിയിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. ടെലിഗ്രാമിൽ ലഭിച്ച മെസേജിന്റെ ലിങ്കിൽ പ്രവേശിക്കുകയും വിവിധ ടാസ്കുകൾക്കായി പണം നൽകിയുമാണ് ഇത്രയും വലിയ തുക നഷ്ടമായത്. വാട്സ്ആപ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയവ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പരിചയമില്ലാത്ത ഫോൺ നമ്പറുകളിൽനിന്ന് മെസേജുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് പ്രതികരിക്കരുതെന്നും പൊലീസ് അറിയിച്ചു.
എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും പണം തട്ടുന്ന പരാതികളും ഇപ്പോൾ കേരളത്തിൽ കൂടിവരികയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നും പാർട്ട് ടൈം, മുഴുവൻ സമയ ജോലിയുമൊക്കെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഓൺലൈൻ വ്യാപാരങ്ങളിലൂടെയും, ഓൺലൈൻ നിക്ഷേപങ്ങളിലൂടെയും പണം സമ്പാദിക്കാമെന്ന വാഗ്ദാനവും തട്ടിപ്പുകാർ നൽകുന്നുണ്ട്.
ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വീണ തിരുവനന്തപുരം പടിഞ്ഞാറേകോട്ട സ്വദേശിനിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് 37 ലക്ഷം രൂപയായിരുന്നു നഷ്ടമായത്. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാമെന്ന പരസ്യത്തിലായിരുന്നു ആ യുവതി വീണത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ സംഘം അയച്ച ലിങ്കുകൾ വഴി യൂട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വരികയായിരുന്നു.
പിന്നാലെ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പ്രതിഫലം കിട്ടുമെന്ന് ഗ്രൂപ്പിലെ അംഗങ്ങൾ അവരെ പറഞ്ഞുവിശ്വസിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചു. ഇത് വിശ്വസിച്ച യുവതി അമ്മയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ബാങ്കിൽനിന്ന് പിൻവലിച്ചും സുഹൃത്തിൽനിന്ന് കടംവാങ്ങിയും ലക്ഷങ്ങൾ അയച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സമാന തട്ടിപ്പിന് ഇരയായ തിരുവനന്തപരേം പോങ്ങുംമൂട് സ്വദേശിനിയുടെ 9.5 ലക്ഷം രൂപയാണ് നഷ്ടമായത്.
ആദ്യഘട്ടത്തിൽ ചെറിയ ജോലിയും അവ പൂർത്തിയാകുന്ന മുറക്ക് പണവും തട്ടിപ്പുകാർ നൽകും. പിന്നീട് കൂടുതൽ ജോലി ലഭിക്കാൻ ചെറിയതുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. പുതിയ ജോലി പൂർത്തിയാകുന്ന മുറക്ക് കൂടുതൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിക്കും. ഓൺലൈൻ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം എന്ന നിലക്ക് വെർച്ച്വൽ വാലറ്റുകളിൽ തുകയായോ പോയന്‍റായോ കാണിച്ച് വിശ്വാസം നേടും. ഇത് പിൻവലിക്കുന്നതിന് കൂടുതൽ നിക്ഷേപം ആവശ്യപ്പെടും. ഇതിൽ ആകൃഷ്ടരായി വലിയതുക നിക്ഷേപിച്ചാലും അത് പിൻവലിക്കാനാകില്ല. പിന്നീടാണിയ് മനസിലാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.