4ജിയേക്കാൾ പതിന്മടങ്ങ് വേഗത; 5ജി ആദ്യമെത്തുക രാജ്യത്തെ ഈ 13 നഗരങ്ങളിൽ..
text_fieldsഇന്ത്യ 5ജിയുടെ ലോഞ്ചിങ്ങിനായി ഒരുങ്ങുകയാണ്. 4G-യേക്കാൾ 10 മടങ്ങ് കൂടുതൽ ഇന്റർനെറ്റ് വേഗതയുമായാണ് 5ജി എത്തുന്നത്. 5ജിയുടെ വരവിന് മുന്നോടിയായി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ അവരുടെ ബജറ്റ് വിഭാഗത്തിൽ പോലും 5ജി ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വിവിധ ടെലികോം സവേനദാതാക്കളും മത്സരത്തിലാണ്. സെല്ലുലാർ സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറ സെപ്റ്റംബർ അവസാനത്തോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് മൂന്ന് വർഷത്തിനകം എല്ലായിടത്തും 5ജി സേവനം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, രാജ്യത്ത് ആദ്യഘട്ടമെന്ന നിലക്ക് 13 വലിയ നഗരങ്ങളെയാണ് 5ജി സേവനം ലഭ്യമാക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്,ബെംഗളൂരു, ചെന്നൈ, ചണ്ഡിഗഡ്, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ജാം നഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ- എന്നീ നഗരങ്ങളിലാണ് 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ പദ്ധതി.ആദ്യഘട്ട പട്ടികയിൽ കേരളത്തിലെ ഒരു നഗരവും ഉൾപ്പെട്ടിട്ടില്ല.
ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ് വർക്ക്, വോഡഫോൺ-ഐഡിയ തുടങ്ങിയ സേവനദാതാക്കളിൽ നിന്നായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് 17,876 കോടിയാണ് ലേലത്തിൽ ലഭിച്ചത്. ആഗസ്റ്റ് ഒന്നിന് അവസാനിച്ച ലേലത്തിൽ 1,50,173 കോടി രൂപയുടെ സ്പെക്ട്രം വിറ്റഴിച്ചിട്ടുണ്ട്. സ്പെക്ട്രം നൽകുക 20 വർഷത്തേക്കാണ്. ജിയോ ചിലവാക്കിയത് 87946 കോടി രൂപയായിരുന്നു. എയർടെൽ 43000 കോടി, വോഡഫോൺ ഐഡിയ 19000 കോടി അദാനി എന്റർപ്രൈസസ് 215 കോടി രൂപയും ചിലവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.