ചാറ്റ്ജിപിടി ഐ.ഒ.എസ് ആപ്പ് അവതരിപ്പിച്ച് ഓപൺഎഐ; തുടക്കത്തിൽ ലഭ്യമാവുക യു.എസിൽ മാത്രം
text_fieldsഅങ്ങനെ കാത്തിരിപ്പിനൊടുവിൽ എ.ഐ ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിക്ക് ഔദ്യോഗിക ആപ്പുമായി എത്തിയിരിക്കുകയാണ് ഓപൺഎഐ. ഐ.ഒ.എസ് ആപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. യു.എസിൽ മാത്രമായിരിക്കും തുടക്കത്തിൽ ലഭ്യമാവുക. വൈകാതെ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും എത്തും. ഐഫോണിലും ഐപാഡിലും പ്രവർത്തിക്കുന്ന ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിൽ എത്തിയിട്ടുണ്ട്.
ആൻഡ്രോയ്ഡ് ആപ്പും വൈകാതെ ഓപൺഎഐ പുറത്തിറക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യക്കാർക്ക് വെബ് ബ്രൗസറിലൂടെ മാത്രമേ ചാറ്റ്ജിപിടി ഉപയോഗിക്കാൻ കഴിയൂ. ഓപൺഎഐയുടെ ഓപൺ സോഴ്സ് സ്പീച്ച് റെക്കഗ്‌നിഷന്‍ മോഡലായ വിസ്പറും ഐ.ഒ.എസ് ആപ്പിലുണ്ട്.
അതേസമയം, ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിൽ നിന്ന് ആപ്പിൾ, തങ്ങളുടെ ജീവനക്കാരെ വിലക്കിയിരിക്കുകയാണ്. കമ്പനി ഉപകരണങ്ങളിലും നെറ്റ്‌വർക്കിലും ചാറ്റ്ജിപിടിയും ഗിത്ഹബ്ബിന്റെ കോ പൈലറ്റും ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് അമേരിക്കൻ ടെക് ഭീമൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോരുമെന്ന ആശങ്കയെ തുടർന്നാണ് നടപടി. കൂടാതെ, ആപ്പിൾ തങ്ങളുടെ സ്വന്തം എ.ഐ ടൂളുകൾ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ്.
സാംസങ്, ജെപി മോർഗൻ ചേസ്, ഡച്ച് ബാങ്ക്, ആമസോൺ തുടങ്ങിയ കമ്പനികളും ഓഫീസിൽ ചാറ്റ്ജിപിടി വിലക്കിയിട്ടുണ്ട്. സാംസങ്ങുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ ജീവനക്കാർ അബദ്ധത്തിൽ ചാറ്റ്ജിപിടിയിലേക്ക് ചോർത്തിയതിനെ തുടർന്നാണ് കൊറിയൻ കമ്പനി എ.ഐ ടൂളുകൾക്ക് വിലക്കേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.