‘ചാറ്റ്ജിപിടിയെ സ്തംഭിപ്പിച്ചത് തങ്ങളെന്ന്’ റഷ്യൻ ഹാക്കർമാർ; കാരണമിതാണ്...
text_fieldsഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഹാക്ക് ചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്റർനെറ്റ് ലോകം. ലോകവ്യാപകമായി പലയിടങ്ങളിലും സേവനം തടസപ്പെട്ടതായി ചാറ്റ്ജിപിടി മേധാവി സാം ആൾട്ട്മാൻ തന്നെയാണ് അറിയിച്ചത്. സെർവറിന്റെ സേവനം സ്തംഭിപ്പിക്കാനായി ഹാക്കർമാർ നടത്തിയ ശ്രമമാണ് അതിന് പിന്നിലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാറ്റ് ജിപിടിയിലേക്ക് അസാധാരണമായ ട്രാഫിക് രൂപപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതിന് കാരണം ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡിഡോസ് (DDoS) അറ്റാക്ക് ആണെന്ന് ഓപൺ എ.ഐ അറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകളിലേക്ക് കൃത്രിമമായി വലിയ ട്രാഫിക് സൃഷ്ടിച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുന്ന സൈബറാക്രമണമാണ് ഡിഡോസ് ആക്രമണം.
അതേസമയം, ചാറ്റ്ജിപിടി-ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം റഷ്യയുമായി ബന്ധമുള്ള ‘അനോണിമസ് സുഡാന്‍’ എന്ന ഹാക്കിങ് ഗ്രൂപ്പ് ഏറ്റെടുത്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കമ്പനിയെ ലക്ഷ്യമിട്ടതിന്റെ കാരണവും അവർ വെളിപ്പെടുത്തി. ഇസ്രായേലിനെ പിന്തുണച്ചത് മൂലമാണ് മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ഓപൺഎ.ഐയുടെ ചാറ്റ്ജിപിടിയെ ലക്ഷ്യമിട്ടതെന്ന് അവർ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
ഇസ്രായേലിൽ നിക്ഷേപം നടത്താനുള്ള ഓപൺഎ.ഐയുടെ പദ്ധതിക്കെതിരെയും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ചാറ്റ് ജിപിടിക്ക് ഇസ്രായേലിനോടും പലസ്തീനോടും പൊതുവായ പക്ഷപാതമുണ്ടെന്നും അവർ ആരോപിക്കുന്നു. പലസ്തീനികളെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ എ.ഐ ഉപയോഗിക്കുന്നുണ്ട്. ആയുധ വികസനത്തിനും മൊസാദിനെ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികൾക്ക് വേണ്ടിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അവർ ടെലഗ്രാം പോസ്റ്റിൽ പറയുന്നു.
അനോണിമസ് സുഡാന്‍ ഈ വർഷം നിരവധി തവണയാണ് ഡിഡോസ് സൈബർ ആക്രമണങ്ങൾ നടത്തിയത്. അത് മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക്, ടീംസ്, വൺഡ്രൈവ് തുടങ്ങിയ ആപ്പുകളുടെ പ്രവർത്തനം നിലക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.