നെറ്റ്ഫ്ലിക്സിനെ പോലും ഞെട്ടിച്ച് 'സ്ക്വിഡ് ഗെയിം'; 21 മില്യൺ ഡോളർ മുടക്കി വാരിയത് ഭീമൻ തുക
text_fieldsഅമേരിക്കൻ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സെപ്റ്റംബർ 17ന് റിലീസ് ചെയ്ത കൊറിയൻ വെബ് സീരീസാണ് 'സ്ക്വിഡ് ഗെയിം'. സമീപകാലത്തായി നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന സിനിമകളിലും സീരീസുകളിലും ഏറ്റവും വലിയ ജനപ്രീതി സ്വന്തമാക്കാൻ കൊറിയൻ പരമ്പരക്ക് സാധിച്ചിട്ടുണ്ട്. ഇതിനകം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടിവി ഷോ ആയി സ്ക്വിഡ് ഗെയിം മാറിയിട്ടുണ്ട്. അമേരിക്കയും ഇന്ത്യയും ബ്രിട്ടനുമടക്കം 90ലധികം രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഈ സീരീസ്.
സീരീസിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഗംഭീര പ്രതികരണങ്ങൾക്ക് കാരണം അതിെൻറ പ്രമേയം തന്നെയാണ്. കടക്കെണിയും പ്രാരാബ്ധവും നിറഞ്ഞ ജീവിതമാകുന്ന കളിക്കളത്തിൽ അതിജീവനത്തിനായി പോരാടുന്ന 456 പേരാണ് 'സ്ക്വിഡ് ഗെയിമിലെ' കഥാപാത്രങ്ങൾ. അവരെ കോടികൾ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു അജ്ഞാതൻ ക്ഷണിക്കുകയാണ് യഥാർത്ഥ കളിക്കളത്തിലേക്ക്.
പേരിൽ ഗെയിമുണ്ടെങ്കിലും സ്ക്വിഡ് ഗെയിം സത്യത്തിൽ ഒരു മരണക്കളിയാണ്. കോടികളുടെ കിലുക്കം പ്രതീക്ഷിച്ച് ഗെയിം കളിക്കാൻ പോയവർ ആദ്യത്തെ കളിയോടെ തന്നെ പകച്ചുപോവുകയാണ്. കുട്ടികൾ കളിക്കുന്ന കളിയാണ്, കളിക്കാൻ എളുപ്പമാണ്, എന്നാൽ, കളിയിൽ തോറ്റാലുള്ള ശിക്ഷ മരണമാണ്. ഒമ്പത് എപ്പിസോഡുകളുള്ള പരമ്പരയിലൂടെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഹാങ് ഡോങ് ഹ്യക്ക് എന്ന സംവിധായകന് സാധിക്കുന്നുണ്ട്.
നെറ്റ്ഫ്ലിക്സിനെ ഞെട്ടിച്ച സ്വീകാര്യത
21 മില്യൺ (ഏകദേശം 158 കോടി രൂപ) ഡോളർ മുടക്കി നിർമിച്ച പുതിയ മെഗാഹിറ്റ് സീരീസായ സ്ക്വിഡ് ഗെയിം നെറ്റ്ഫ്ലിക്സിന് 900 മില്യൺ ഡോളർ (6,754 കോടി രൂപ) മൂല്യമുണ്ടാക്കി നൽകിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കമ്പനിയിലെ ആന്തരിക കണക്കുകൾ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യക്തിഗത ഷോകളുടെ പ്രകടനം വിലയിരുത്തിയപ്പോൾ ദക്ഷിണ കൊറിയൻ ഷോ നെറ്റ്ഫ്ലിക്സിന് ഇതുവരെ 891.1 മില്യൺ ഡോളർ ഇംപാക്റ്റ് മൂല്യം സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിലീസ് ചെയ്ത് ആദ്യ 23 ദിവസങ്ങളിൽ ഏകദേശം 132 ദശലക്ഷം ആളുകൾ "സ്ക്വിഡ് ഗെയിം" കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും കണ്ടുവെന്ന് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നുണ്ട്. "ബ്രിഡ്ജർട്ടൺ" എന്ന സീരീസ് സ്ഥാപിച്ച നെറ്റ്ഫ്ലിക്സ് റെക്കോർഡാണ് കൊറിയൻ സീരീസ് തകർത്തത്. (ചില ഷോകളുടെ ജനപ്രീതി അറിയിക്കാനായി നെറ്റ്ഫ്ലിക്സ് പുറത്തുവിടുന്നതാണീ Two-Minute Figure)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.