ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലക്കും പത്മ പുരസ്കാരം
text_fieldsറിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രഖ്യാപിച്ച 128 പത്മ പുരസ്കാരങ്ങളിൽ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർക്ക് പത്മഭൂഷൺ പുരസ്കാരം. ഭാരതരത്‌നയ്ക്കും പത്മവിഭൂഷണിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ.
കല, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരവും വ്യവസായവും, മെഡിസിൻ, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് എന്നിങ്ങനെ വിവിധ മേഖലകളിലെ അസാധാരണ സേവനത്തിനാണ് പത്മ ബഹുമതികൾ നൽകുന്നത്.
ഇന്ത്യൻ-അമേരിക്കൻ ബിസിനസ്സ് എക്‌സിക്യൂട്ടീവുമാരായ നദെല്ല (54), പിച്ചൈ (49) എന്നിവരെ "വ്യാപാരം വ്യവസായം" വിഭാഗത്തിലെ സംഭാവനകൾക്കാണ് രാജ്യത്തെ പരമോന്നദ ബഹുമതി നൽകി ആദരിച്ചത്. ഇരുവരും മൈക്രോസോഫ്റ്റിെൻറയും ഗൂഗ്ളിെൻറയും ആദ്യത്തെ ഇന്ത്യൻ വിംശജരായ സി.ഇ.ഒമാരാണ്.
മൈക്രോസോഫ്റ്റ് ക്ലൗഡ് ആൻഡ് എൻറർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡൻറായിരുന്ന സത്യ നദെല്ല സ്റ്റീവ് ബാമറിെൻറ പിൻഗാമിയായി 2014 ഫെബ്രുവരി നാലിനായിരുന്നു മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയി നിയമിതനായത്. ഇന്നത്തെ തെലങ്കാനയിലെ ഹൈദരാബാദിൽ അധ്യാപികയായ പ്രഭാവതിയുടെയും െഎ.എ.എസ് ഒാഫീസറായ ബുക്കാപുരം നദെല്ല യുഗന്ധറിെൻറയും മകനായി 1967ലായിരുന്നു സത്യയുടെ ജനനം. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരുന്നു.
ഇപ്പോൾ ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ സി.ഇ.ഒ പദവി വഹിക്കുന്ന സുന്ദർ പിച്ചൈ തമിഴ്നാട് സ്വദേശിയായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ അദ്ദേഹം 2015ലാണ് ഗൂഗിളിന്‍റെ തലപ്പത്തെത്തി ചരിത്രം കുറിച്ചത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന പേരും അദ്ദേഹം സ്വന്തമാക്കി. സ്റ്റെനോഗ്രാഫറായ ലക്ഷ്മിയുടെയും ബ്രിട്ടീഷ് കമ്പനിയായ ജി.ഇ.സിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന രഗുനാഥ പിച്ചൈയുടെയും മകനായി 1972 ജൂലൈ 12നായിരുന്നു സുന്ദർ പിച്ചൈ ജനിച്ചത്.
ഇവരെ കൂടാതെ മറ്റ് മേഖലകളിലെ 15 പേർക്ക് കൂടി പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല തുടങ്ങിയവർക്കാണ് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.