ടിക്ടോക്ക് നിരോധിക്കാനൊരുങ്ങി പാകിസ്താനും; കാരണമിതാണ്...!
text_fieldsഇസ്ലാമാബാദ്: ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക്ടോകിന്റെ ശനിദശ അവസാനിക്കുന്നില്ല. ഇന്ത്യയിൽ നിരോധിക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും ആസ്ട്രേലിയയിലും നിരോധന ഭീഷണിയുയരുകയും സുരക്ഷാ ഭീഷണയുയർത്തുന്ന ആപ്പുകളുടെ ലിസ്റ്റിൽ പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പാകിസ്താനിൽ നിന്നാണ് അപകടം കാത്തിരിക്കുന്നത്.
പെഷവാർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാകിസ്താൻ ടിക്ടോകിനെ നിരോധിക്കാനൊരുങ്ങുന്നതായി രാജ്യത്തെ ടെലികോം അതോറിറ്റിയുടെ (പി.ടി.എ) വക്താവ് ഖുറം മെഹ്റാൻ റോയിറ്റേഴ്സിനോട് പറഞ്ഞു. ടിക്ടോക് സഭ്യമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ഒരു വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ്.
'കോടതി പി.ടി.എയോട് ടിക്ടോക് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതർ ഉത്തരവ് പാലിച്ചേക്കുമെന്നും മെഹ്റാൻ വ്യക്തമാക്കി. അതേസമയം, 'കോടതി ഉത്തരവിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും കമ്പനി അതുമായി ബന്ധപ്പെട്ട വിശദീകരണം യഥാസമയം നൽകുമെന്നും പാകിസ്ഥാനിലെ ടിക്ക് ടോക്കിന്‍റെ പ്രതിനിധി അറിയിച്ചു.
പാകിസ്താൻ കഴിഞ്ഞ ഒക്ടോബറിൽ ടിക്ടോക് രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാൽ, പത്ത് ദിവസങ്ങൾക്ക് ശേഷം ആപ്പ് തിരിച്ചെത്തുകയാണുണ്ടായത്. അശ്ലീലവും സദാചാര വിരുദ്ധവുമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചതിന് പിന്നാലെയായിരുന്നു ആപ്പ് തിരിച്ചെത്തിയത്. ഫേസ്ബുക്കും വാട്സ്ആപ്പും കഴിഞ്ഞാൽ പാകിസ്താനിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് ടിക്ടോക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.