ട്വിറ്ററിൽ കേന്ദ്രം ഏജന്റുമാരെ തിരുകിക്കയറ്റിയെന്ന വെളിപ്പെടുത്തൽ; കമ്പനി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പാർലമെന്റ് സമിതി
text_fieldsന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ തങ്ങളുടെ ഏജന്റുമാരെ ട്വിറ്ററിൽ തിരുകിക്കയറ്റിയെന്ന വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ട്വിറ്റർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ പാർലമെന്ററി സമിതി ചോദ്യംചെയ്തു.
ഡേറ്റ സുരക്ഷയിലും സ്വകാര്യത നയത്തിലും കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന്, ശശി തരൂർ എം.പി അധ്യക്ഷനായ സമിതി മുന്നറിയിപ്പ് നൽകിയതായും ഉന്നത കേന്ദ്രങ്ങൾ വ്യക്തമാക്കി. ട്വിറ്ററിന്റെ സംവിധാനങ്ങളും ഉപയോക്തൃവിവരങ്ങളും കൈക്കലാക്കുകയെന്ന ലക്ഷ്യത്തിൽ ഇന്ത്യൻ സർക്കാർ തങ്ങളുടെ ഏജന്റുമാരെ കമ്പനി ഉദ്യോഗസ്ഥരായി തിരുകിക്കയറ്റിയെന്ന് ട്വിറ്റർ മുൻ സുരക്ഷാകാര്യ തലവൻ പീറ്റർ സാറ്റ്കോ ഈയിടെ ഒരു അന്താരാഷ്ട്ര മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് ട്വിറ്റർ പബ്ലിക് പോളിസി സീനിയർ ഡയറക്ടർ സമിരൻ ഗുപ്ത, ഡയറക്ടർ ഷഗുഫ്ത കമ്രാൻ തുടങ്ങിയവരെ, വിവര സാങ്കേതികതയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. എന്നാൽ, ആരോപണം നിഷേധിച്ച ഇവർ, തങ്ങളുടെ ഡേറ്റ സുരക്ഷയിൽ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ടു.
ഡേറ്റ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് കമ്പനിയുടെ സ്വകാര്യത നയം, പ്രാദേശിക നയങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്നും സമിതി ഉദ്യോഗസ്ഥരോട് ചോദിച്ചു.
വിവിധ രാജ്യങ്ങളിലെ നയങ്ങളുമായി ട്വിറ്ററിന്റെ പൊതുനയങ്ങൾ വൈരുധ്യം പുലർത്തുന്നതെന്തുകൊണ്ട് എന്ന സമിതിയുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന. ഡേറ്റ സുരക്ഷ, സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറിയതായി ഒരു സമിതിയംഗം പി.ടി.ഐയോടു പറഞ്ഞു.
പീറ്റർ സാറ്റ്കോയുടെ വെളിപ്പെടുത്തലുകൾ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ള വ്യാജ ആരോപണങ്ങളാണെന്നും ഇത് കമ്പനിക്കും ഉപയോക്താക്കൾക്കും ഓഹരിയുടമകൾക്കും ആഘാതമേൽപിക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്നും ഉദ്യോഗസ്ഥർ സമിതി മുമ്പാകെ വിശദീകരിച്ചു. വിഷയത്തിൽ വിവിധ സാങ്കേതിക കമ്പനികൾ, സമൂഹമാധ്യമ കമ്പനികൾ, മന്ത്രാലയങ്ങൾ, വിവിധ നിയന്ത്രണ ഏജൻസികൾ തുടങ്ങിയവയുമായും സമിതി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
അധ്യക്ഷനായ ശശി തരൂരിനു പുറമെ, അംഗങ്ങളായ മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), രാജ്യവർധൻ സിങ് രാത്തോഡ് (ബി.ജെ.പി), കാർത്തി ചിദംബരം (കോൺഗ്രസ്), ജോൺ ബ്രിട്ടാസ് (സി.പി.എം), രൺജിത് റെഡ്ഡി (ടി.ആർ.എസ്) തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.