ഇലോൺ മസ്കിന് പിന്തുണ; ഡിസ്നി പ്ലസ് സബ്സ്ക്രിപ്ഷൻ ഒഴിവാക്കി ആളുകൾ, സംഭവമിതാണ്..!
text_fieldsജൂതവിരുദ്ധ ഉള്ളടക്കങ്ങളെ തുടര്‍ന്ന് മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സില്‍ നിന്ന് (ട്വിറ്റർ) പിന്‍മാറിയ പരസ്യ ദാതാക്കൾക്കെതിരെ ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ഡീല്‍ബുക്ക് സമ്മിറ്റില്‍ വെച്ച് സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിനിടെ വാൾട്ട് ഡിസ്നിയടക്കമുള്ള കമ്പനികളെ ശതകോടീശ്വരൻ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നു.
വെള്ളക്കാര്‍ക്കെതിരെ ജൂതര്‍ വിദ്വേഷം വളര്‍ത്തുന്നതായി ആരോപിച്ച് എക്സിൽ വന്ന പോസ്റ്റിന് താഴെ ' യഥാര്‍ത്ഥ സത്യം' എന്ന കമന്റുമായി മസ്‌ക് എത്തിയിരുന്നു. അതോടെ ഡിസ്നി പ്ലസും വാർണർ ബ്രോസുമടങ്ങുന്ന കമ്പനികൾ ‘എക്സി’ന് പരസ്യം നൽകുന്നത് നിർത്തുന്നതായി പ്രഖ്യാപിച്ചു. അതോടെ, എക്സിൽ പരസ്യം നൽകില്ലെന്ന് അറിയിച്ച് വൻകിട കമ്പനികൾ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നാണ് മസ്ക് പറഞ്ഞത്.
എക്സിൽ അവർ പരസ്യം ചെയ്യേണ്ടതില്ലെന്നും പരസ്യം ഉപയോഗിച്ചും പണം ഉപയോഗിച്ചും ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അത് നടക്കില്ലെന്നും മസ്ക് വ്യക്തമാക്കി.എക്സിനെ ബഹിഷ്‍കരിച്ച ആപ്പിൾ, വാൾട്ട് ഡിസ്നി, ഐ.ബി.എം തുടങ്ങിയ വൻകിടക്കാർക്കെതിരെയായിരുന്നു മസ്കിന്റെ വിമർശനം.
എന്നാൽ, ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ, ഡിസ്നി പ്ലസും അവരുടെ കീഴിലുള്ള ഹുളു എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമും ആഗോളതലത്തിൽ വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇലോൺ മസ്കിന്റെ മറുപടിക്ക് പിന്നാലെ ലോകമെമ്പടുമായി ആളുകൾ കൂട്ടത്തോടെ ഡിസ്നി പ്ലസിന്റെയും ഹുളുവിന്റെയും സബ്സ്ക്രിപ്ഷൻ കാൻസൽ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് #Cancel എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡാവുന്നുമുണ്ട്.
ഇലോൺ മസ്കിനെയും അദ്ദേഹത്തിന്റെ കമ്പനിയെയും പിന്തുണക്കുന്നതിന്റെ ഭാഗമായി ഡിസ്നിയിലെ പ്രീമിയം പ്ലാനുകൾ ഒഴിവാക്കി, പകരം എക്സിന്റെ പെയ്ഡ് പ്ലാനുകൾ എടുക്കാനും നിരവധിയാളുകൾ മുന്നോട്ടുവന്നു. നിരവധി പരസ്യദാതാക്കൾ പ്ലാറ്റ്‌ഫോം വിട്ടുപോയതിന് ശേഷവും നിലപാട് മാറ്റാത്ത മസ്‌ക്, അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് പലരും വീക്ഷിച്ചിരിക്കുന്നത്.
ഇസ്രായേലിന്റെ ഗസ്സ അധിനിവേശം സംബന്ധിച്ച വാർത്തകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സെൻസർഷിപ്പ് ഏർപ്പെടുത്തിയപ്പോൾ ഇലോൺ മസ്കിന്റെ ‘എക്സ്’ അത്തരം നടപടി സ്വീകരിച്ചിരുന്നില്ല. മാർക് സക്കർബർഗിന്റെ പ്ലാറ്റ്ഫോമുകളിൽ വിഷയത്തിലെ ഇസ്രായേൽ ഭാഷ്യം മാത്രമാണ് പുറത്ത് വന്നതെങ്കിൽ എക്സിൽ ഹമാസിന്റേയും മറ്റുള്ളവരുടേയും അഭിപ്രായ പ്രകടനങ്ങളും പോസ്റ്റ് ചെയ്യാൻ അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമേ ജൂതവിരുദ്ധ പോസ്റ്റിന് അനുകൂലമായി മസ്ക് അഭിപ്രായപ്രകടനം നടത്തിയതോടെ ആപ്പിൾ, ഡിസ്നി, ഐ.ബി.എം തുടങ്ങിയ കമ്പനികൾ എക്സിലെ പരസ്യങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.