'മെറ്റാവേഴ്സ് എന്താണെന്ന് ആളുകൾക്ക് ഇപ്പോഴും അറിയില്ല' -ആപ്പിൾ സി.ഇ.ഒ ടിം കുക്ക്
text_fields1992-ല്‍ പുറത്തുവന്ന നീല്‍ സ്റ്റീഫന്‍സണിന്റെ സ്‌നോ ക്രാഷ് എന്ന നോവലിലാണ് ആദ്യമായി 'മെറ്റാവേഴ്സ്' (Metaverse) എന്ന പദം ഉപയോഗിക്കുന്നത്. യഥാർഥ ലോകത്തിന്റെ ത്രിമാന പതിപ്പായിരുന്നു നോവലിലെ മെറ്റാവേഴ്സ്. എന്നാൽ, പതിറ്റാണ്ടുകൾക്ക് ശേഷം ആ സ്വപ്ന ലോകം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. മെറ്റയും (മുമ്പ് ഫേസ്ബുക്ക്) മൈക്രോസോഫ്റ്റുമടങ്ങുന്ന വിവിധ ടെക് ഭീമൻമാർ ഇപ്പോൾ മെറ്റാവേഴ്സിന് പുറകെയാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ത്രിമാന ലോകത്ത് ഡിജിറ്റൽ അവതാരങ്ങളായി മനുഷ്യർക്ക് ഇടപഴകാൻ കഴിയുമെന്നതാണ് മെറ്റാവേഴ്സിന്റെ പ്രത്യേകത. എന്നാൽ, എത്രയൊക്കെ വിശദീകരിച്ചാലും എന്താണ് മെറ്റാവേഴ്സ് എന്നും? അതുകൊണ്ടുള്ള ഉപയോഗമെന്താണെന്നും? പലർക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല. വായിച്ചറിഞ്ഞവർക്ക് അത് പറഞ്ഞുമനസിലാക്കാനും കഴിയുന്നില്ല.
മറ്റുള്ള കമ്പനികൾ പണം വാരിയെറിഞ്ഞ് മെറ്റാവേഴ്സിന് പിറകേ പോകുമ്പോൾ ആപ്പിൾ ഇതുവരെ അതിന് പിടികൊടുത്തിട്ടില്ല. ആപ്പിൾ തലവൻ ടിം കുക്കിന് പറയാൻ അതിനൊരു കാരണവുമുണ്ട്. 'എന്താണ് മെറ്റാവേഴ്സ് എന്ന് നിങ്ങളെ പറഞ്ഞു മനസിലാക്കാൻ ഒരു ശരാശരി വ്യക്തിക്ക് കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന്' അദ്ദേഹം പറഞ്ഞു.
വെർച്വൽ റിയാലിറ്റിക് ചില പ്രത്യേക ഉപയോഗങ്ങളുണ്ട്. എന്നാൽ, ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവനും സാങ്കേതിക വിദ്യ വിഴുങ്ങാൻ പാടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പ് പര്യടനത്തിനിടെ ഡച്ച് മാധ്യമമായ 'ബ്രൈറ്റി'ന് നൽകിയ അഭിമുഖത്തിലാണ് ടിം കുക്ക് മെറ്റാവേഴ്സിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
"എന്തിനെ കുറിച്ചായാലും ആളുകൾക്ക് ഒരു ധാരണ വേണ്ടത് പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ശരാശരി വ്യക്തിക്ക് മെറ്റാവേഴ്സ് എന്താണെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അത് യഥാർത്ഥത്തിൽ നിങ്ങൾക്ക് താൽപര്യത്തോടെ മുഴുകാൻ കഴിയുന്ന ഒന്നു തന്നെയാണ്. അതിനെ നല്ല രീതിയിൽ ഉപയോഗിക്കാനും കഴിയും. എന്നാൽ ജീവിതം മുഴുവൻ അതിനുള്ളിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമെന്ന് ഞാൻ കരുതുന്നില്ല," -ടിം കുക്ക് അഭിപ്രായപ്പെട്ടു.
ആപ്പിൾ - മിക്സഡ് റിയാലിറ്റിക്ക് പിറകേ...
അതേസമയം, ആപ്പിൾ ഒരു മിക്സഡ് റിയാലിറ്റി (എം.ആർ) ഹെഡ്‌സെറ്റിന്റെ പണിപ്പുരയിലാണ്. വൈകാതെ അത് ലോഞ്ച് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഓഗ്‌മെന്റഡ് റിയാലിറ്റിയെ (എ.ആർ) കുറിച്ചും അദ്ദേഹം മനസുതുറന്നു. ''അത് എല്ലാത്തിനെയും ബാധിക്കുന്ന അഗാധമായ സാങ്കേതികവിദ്യയാണ്''. -അദ്ദേഹം പറഞ്ഞു.
"മെഡിക്കൽ രംഗത്തും അല്ലാതെയും എ.ആർ ഉപയോഗിച്ച് പഠിപ്പിക്കാനും കാര്യങ്ങൾ അതിന്റെ സഹായത്തോടെ പറഞ്ഞുമനസിലാക്കാനും കഴിയുന്ന കാലത്തെ കുറിച്ച് സങ്കൽപ്പിച്ച് നോക്കൂ. ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാതെ നമ്മൾ മുമ്പ് എങ്ങനെ ജീവിച്ചു ? എന്ന് തിരിഞ്ഞുനോക്കുന്ന ഒരു കാലം വരും," -കുക്ക് പറഞ്ഞു.
"വി.ആർ ഒരു പ്രത്യേക സമയത്തേക്ക് മാത്രമുള്ളതാണ്, അതിനെ ഒരു ആശയവിനിമയം നടത്താനുള്ള മാർഗമായി കണക്കാക്കാനാകില്ല. ഞാൻ അതിനെ എതിർക്കുന്നില്ല, പക്ഷേ അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്," -കുക്ക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.