‘നമ്പർ മതി, എക്സിനോസ് ചിപ്സെറ്റുള്ള ഫോണുകൾ ഹാക്ക് ചെയ്യപ്പെടാമെന്ന് ഗൂഗിൾ’; ബാധിക്കപ്പെട്ട ഫോണുകൾ ഇവയാണ്..
text_fieldsഎക്സിനോസ് ചിപ് സെറ്റുകൾ (Exynos ) കരുത്ത് പകരുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് നിർമിക്കുന്ന ചിപ്സെറ്റാണ് എക്സിനോസ്.
എക്‌സിനോസ് മോഡങ്ങളെ ബാധിക്കുന്ന പതിനെട്ടോളം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി XDAdevelpers.com- ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വൾണറബിലിറ്റികൾ സംയോജിപ്പിച്ചാൽ, ഫോണിന്റെ ഉടമ അറിയാതെ തന്നെ ഒരു ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നേടാനും സ്‌മാർട്ട്‌ഫോണിലേക്കുള്ള ആക്‌സസ് നേടാനും കഴിയുമെന്നാണ് പറയുന്നത്. അതിനായി ഹാക്കർമാർക്ക് സ്‌മാർട്ട്‌ഫോണിന്റെ ഉടമയുടെ കോൺടാക്റ്റ് നമ്പർ മാത്രം മതിയത്രേ.
ഗൂഗിളിന്റെ പ്രോജക്ട് സീറോയുടെ അറിയിപ്പ് പ്രകാരം ഹാക്കിങ്ങിനും സൈബർ അറ്റാക്കിനും ഇരയായി മാറാൻ സാധ്യതയുള്ള നിരവധി സ്മാർട്ട്ഫോണുകളുണ്ട്. ചില സാംസങ്, വിവോ, പിക്‌സൽ ഫോണുകളും എക്‌സിനോസ് ഓട്ടോ ടി5123 ചിപ്‌സെറ്റ് ഉള്ള മറ്റ് ഡിവൈസുകളും ഇതിനകം തന്നെ കേടുപാടുകൾ ബാധിച്ച ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
സാംസങ്ങിന്റെ S22, M33, M13, M12, A71, A53, A33, A21s, A13, A12, A04 എന്നീ സ്മാർട്ട്ഫോൺ മോഡലുകളും വിവോയുടെ S16, S15, S6, X70, X60, X30 സീരീസുകളും ഗൂഗിളിന്റെ സ്വന്തം പിക്സൽ 6, പിക്സൽ 7 സീരീസ് പോലും ഈ പ്രശ്നം ബാധിച്ച ഫോണുകളുടെ പട്ടികയിലുണ്ട്.
അതേസമയം, മാർച്ചിലെ സുരക്ഷാ അപ്‌ഡേറ്റിൽ, പിക്‌സൽ 7 സീരീസിലെ ബഗ് ഇതിനകം പരിഹരിച്ചു. എന്നിരുന്നാലും, ഗൂഗിളിന്റെ പിക്സൽ 6 സീരീസിന് സുരക്ഷാ പാളിച്ചകൾ തുടരുകയാണ്.
ഈ പ്രശ്നം പരിഹരിച്ചുള്ള സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് ലഭിക്കാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും അവരുടെ ഉപകരണങ്ങളിലെ VoLTE, Wi-Fi കോളിങ് എന്നിവ ഉടൻ പ്രവർത്തനരഹിതമാക്കണമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
ബാധിച്ച ഉപകരണങ്ങളിൽ വിദഗ്ധരായ ഹാക്കർമാർക്ക് എളുപ്പം പ്രശ്നം സൃഷ്ടിക്കാൻ കഴിയുമെന്നും അത് ഫോൺ ഉടമകൾ അറിയുകപോലുമില്ലെന്നും തങ്ങളുടെ ഗവേഷണങ്ങളിൽ മനസിലാക്കിയതായി പ്രോജക്റ്റ് സീറോ ഹെഡ് ടിം വില്ലിസ് പറഞ്ഞു.
അതേസമയം, ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടാൽ ഹാക്കർക്ക് ഉപയോക്താവിന്റെ ഫോൺ ലോക്ക് ചെയ്യാനും ഉപകരണം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് തടയാനും കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.